KOYILANDY DIARY

The Perfect News Portal

സ്ത്രീകളോട് സൗഹൃദം സ്ഥാപിച്ച്‌ ആഭരണവുമായി മുങ്ങുന്ന യുവാവ്‌ പിടിയിൽ

കൊടുവള്ളി: നവമാധ്യമം വഴി സ്ത്രീകളുമായി സൗഹൃദത്തിലായി ലൈംഗിക ചൂഷണത്തിനിരയാക്കുകയും കബളിപ്പിച്ച്‌ സ്വർണാഭരണങ്ങൾ കൈക്കലാക്കുകയും ചെയ്യുന്ന യുവാവ് പിടിയിൽ. വയനാട് തരുവണ സ്വദേശി ഉമറുൽ മുക്താർ (23) ആണ്‌ കൊടുവള്ളിയിൽ പ്രത്യേക അന്വേഷക സംഘത്തിന്റെ വലയിലായത്‌. കൊടുവള്ളി സ്വദേശിനിയോട്‌ ഇൻസ്റ്റഗ്രാമിൽ സൗഹൃദം സ്ഥാപിച്ച്‌ ഒരു പവനിലധികം വരുന്ന സ്വർണാഭരണവുമായി മുങ്ങിയ കേസിലാണ് അറസ്റ്റിലായത്‌.
യുവതിയെ പ്രണയം നടിച്ച്‌ വിവാഹം കഴിക്കാമെന്ന്‌ വിശ്വസിപ്പിച്ചാണ് ആഭരണം കൈക്കലാക്കിയത്.  കേരളത്തിലെ വിവിധ ജില്ലകളിൽ സ മാന രീതിയിൽ ഇയാൾ തട്ടിപ്പ്‌ നടത്തിയിട്ടുണ്ടെന്ന്‌ പൊലീസ്‌ പറഞ്ഞു. പലരും മാനഹാനിമൂലം പരാതി നൽകാത്തതാണ്‌ കുറ്റകൃത്യം ആവർത്തിക്കാൻ കാരണമായത്‌.
Advertisements
നേരത്തെ വയനാട് അമ്പലവയലിലെ വിധവയോടും മകളോടും സൗഹൃദം സ്ഥാപിച്ച പ്രതി നാലരപ്പവൻ സ്വർണവും മൊബൈൽ ഫോണും കൈക്കലാക്കിയിരുന്നു. പാലക്കാട്, മലപ്പുറം ജില്ലകളിലും സമാന രീതിയിൽ യുവതികൾ തട്ടിപ്പിനിരയായി. താമരശേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കൊടുവള്ളി ഇൻസ്‌പെക്ടർ പി ചന്ദ്രമോഹന്റെ നേതൃത്വത്തിൽ എസ്ഐ അനൂപ് അരീക്കര, ബേബി മാത്യു, സീനിയർ സിവിൽ പൊലീസ് ഓഫീസർ ലിനീഷ്, സിവിൽ പൊലീസ് ഓഫീസർ ഷെഫീഖ് നീലിയാനിക്കൽ, ഡ്രൈവർ ജിനീഷ് എന്നിവരടങ്ങിയ അന്വേഷകസംഘമാണ് യുവാവിനെ പിടികൂടിയത്.