KOYILANDY DIARY.COM

The Perfect News Portal

361 കിലോമീറ്ററിലേറെ ദൂരം പുറംതിരിഞ്ഞിരുന്ന് ബൈക്കോടിച്ചു, മലയാളിയായ സൈനികന് ലോക റെക്കോര്‍ഡ്

361 കിലോമീറ്ററിലേറെ ദൂരം പുറംതിരിഞ്ഞിരുന്ന് ബൈക്കോടിച്ചു. മലയാളിയായ സൈനികന് ലോക റെക്കോര്‍ഡ്. ആലപ്പുഴ കണ്ടല്ലൂര്‍ സ്വദേശിയായ സുബേദാര്‍ എസ്.എസ്. പ്രദീപ് അടങ്ങുന്ന മോട്ടോര്‍ സൈക്കിള്‍ സംഘമാണ് നേട്ടം സ്വന്തമാക്കിയത്. കരസേനയുടെ ആര്‍മി സര്‍വീസ് കോറിലെ ടൊര്‍ണാഡോസ് മോട്ടോര്‍ സൈക്കിള്‍ സംഘമാണ് 3 ലോക റെക്കോര്‍ഡുകളോടെ ചരിത്രനേട്ടം സ്വന്തമാക്കിയത്.

Advertisements

എസ്.എസ്. പ്രദീപ് ബാക്കവേര്‍ഡ് റൈഡിലും ഹവില്‍ദാര്‍ മനീഷ് ഹാന്‍ഡ്്‌സ് ഫ്രീ വീലിങ്ങിലും ശിപായി സുമിത് ടോമര്‍ നോ ഹാന്‍ഡ് വീലിങ്ങിലുമാണ് പുതിയ റെക്കോര്‍ഡിട്ടത്. ബെംഗളൂരു-ചെന്നൈ എക്സ്പ്രസ്‌വേയിലും എസി കോളജിലുമായി കഴിഞ്ഞ ദിവസം രാവിലെ 6.30 മുതല്‍ വൈകീട്ട് 4.30 വരെയുമായിരുന്നു പ്രകടനം. നേരത്തെ സ്വീഡന്‍ സ്വദേശികളുടെ പേരിലുണ്ടായിരുന്ന റെക്കോഡുകളാണ് ഇവര്‍ തകര്‍ത്തത്.

 

എസ്.എസ്. പ്രദീപ് നിര്‍ത്താതെ 361.56 കിലോമീറ്റര്‍ ദൂരമാണ് പുറംതിരിഞ്ഞിരുന്ന് ബൈക്ക് ഓടിച്ചത്. സ്വീഡന്‍ സ്വദേശിയുടെ പേരിലുള്ള 306 കിലോമീറ്റര്‍ ദൂരമാണ് ഈ പ്രകടനത്തിലൂടെ പ്രദീപ് മറികടന്നത്. 264-ാമത് ആര്‍മി സര്‍വീസ് കോര്‍ ദിനത്തോടനുബന്ധിച്ച് ഗിന്നസ് ബുക്ക് ഓഫ് റെക്കോഡ് പ്രതിനിധികളുടെയും മുതിര്‍ന്ന സൈനികോദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലാണ് ബൈക്കോടിച്ചത്.

Advertisements

 

ഹവില്‍ദാര്‍ മനീഷ് മോട്ടോര്‍ സൈക്കിളില്‍ കൈവെക്കാതെ 2.349 കിലോമീറ്റര്‍ സഞ്ചരിച്ചു. ആര്‍മി സര്‍വീസ് കോറില്‍ (എഎസ്‌സി) സുബേദാറായ പ്രദീപ് എഎസ്‌സി ടൊര്‍ണാഡോ ബൈക്ക് റൈഡിങ് സംഘത്തിലെ അംഗവും ആലപ്പുഴ കണ്ടല്ലൂര്‍ സ്വദേശികളായ ശിവദാസന്റെയും രത്നമ്മയുടെയും മകനാണ്. ഭാര്യ: നിഷാ പ്രദീപ്. മകള്‍: തീര്‍ഥാ പ്രദീപ്.