ആരോഗ്യരംഗത്ത് പുതിയ വിപ്ലവം; കാൻസറിനെതിരെ വാക്സിൻ വികസിപ്പിച്ച് കമ്പനി, ആദ്യ ഘട്ട പരീക്ഷണം വിജയം
ആരോഗ്യരംഗത്ത് വിപ്ലവകരമായ നേട്ടവുമായി ശാസ്ത്രലോകം. കാൻസറിനെതിരെ വാക്സിൻ വികസിപ്പിച്ച് കമ്പനി, ആദ്യ ഘട്ട പരീക്ഷണം വിജയം. മെലനോമ, നോൺ-സ്മോൾ-സെൽ ശ്വാസകോശ അർബുദം എന്നിവ ബാധിച്ച രോഗികളിലാണ് പരീക്ഷണം നടത്തിയത്. ആദ്യഘട്ടത്തിൽ കുറച്ചു രോഗികളെ മാത്രമേ ഉൾപ്പെടുത്തിയിട്ടുള്ളുവെങ്കിലും അടുത്ത ഘട്ടത്തിൽ പരീക്ഷണം വിപുലമായി നടത്തും. കോവിഡ്-19 വാക്സിനായ എംആർഎൻഎ-4359 വികസിപ്പിച്ച മോഡേണ ഫാർമസ്യൂട്ടിക്കൽസാണ് കാൻസറിനെതിരെയുള്ള വാക്സിന്റെ പിന്നിലുമുള്ളത്.
ട്യൂമറുകളുള്ള 19 രോഗികളെ ഉൾപ്പെടുത്തിയ ആദ്യഘട്ട ക്ലിനിക്കൽ ട്രയലിൽ, എട്ട് രോഗികൾക്ക് ട്യൂമർ വളർച്ചയില്ലെന്ന് കണ്ടെത്തി. ഏറ്റവും പ്രധാനപ്പെട്ട നേട്ടം വാക്സിന് പാർശ്വഫലങ്ങളില്ല എന്നുള്ളതാണ്. കാൻസർ കോശങ്ങളെ തിരിച്ചറിഞ്ഞ് നശിപ്പിക്കുന്നതിനായി ശരീരത്തിൻ്റെ പ്രതിരോധ സംവിധാനത്തെ സജീവമാക്കുകയാണ് വാക്സിൻ ചെയ്യുന്നത്. mRNA സാങ്കേതികവിദ്യ ഉപയോഗിച്ച് ട്യൂമർ കോശങ്ങളെ തിരിച്ചറിയാൻ രോഗപ്രതിരോധ സംവിധാനത്തിന് നിർദ്ദേശം നൽകുകയാണ് ചെയ്യുന്നത്.
ഇത് കാൻസർ ചികിത്സാരംഗത്ത് സുപ്രധാനമായ ചുവടുവെപ്പാണെന്നും കാൻസർ രോഗികൾക്ക് പുതിയ ചികിത്സ വികസിപ്പിച്ചെടുക്കാമെന്ന് പ്രതീക്ഷിക്കുന്നതായും കിംഗ്‌സ് കോളേജിലെ എക്സിപിരിമെന്റൽ ഓങ്കോളജിയിലെ ക്ലിനിക്കൽ റീഡറും ഗൈസ് & സെൻ്റ് തോമസ് എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റിലെ മെഡിക്കൽ ഓങ്കോളജി കൺസൾട്ടൻ്റുമായ ചീഫ് ഇൻവെസ്റ്റിഗേറ്റർ ഡോ. ദേബാഷിസ് സർക്കർ പറഞ്ഞു. അദ്ദേഹമാണ് പരീക്ഷണത്തിന് നേതൃത്വം നൽകിയത്.