മുത്തങ്ങ വഴി കുഴൽപ്പണം കടത്താൻ ശ്രമിച്ച കേസിൽ രണ്ട് പേർ പിടിയിൽ
.
സുൽത്താൻ ബത്തേരി: മുത്തങ്ങ വഴി കുഴൽപ്പണം കടത്താൻ ശ്രമിച്ച കേസിൽ രണ്ട് പേർ പിടിയിൽ. ബത്തേരി മുള്ളൻകുന്ന് സ്വദേശി അർഷാദ് (44), കൊടുവള്ളി മദ്രസ ബസാർ സ്വദേശി പി ടി ഇസ്മായിൽ (40) എന്നിവരാണ് അറസ്റ്റിലായത്. കാറിന്റെ രഹസ്യ അറയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച രണ്ടേകാൽ കോടി രൂപയാണ് കണ്ടെടുത്തത്. രഹസ്യവിവരത്തെ തുടർന്ന് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ബത്തേരി പൊലീസും മുത്തങ്ങ തകരപ്പാടിയിലെ പൊലീസ് ചെക്പോസ്റ്റിൽ വെച്ച് നടത്തിയ സംയുക്ത പരിശോധനയിലാണ് 2,27,43,000 കണ്ടെടുത്തത്. ഈ തുക രേഖകളിൽ ഇല്ലാത്തതാണെന്ന് പൊലീസ് പറഞ്ഞു.

കാറിന്റെ ഡിക്കിയുടെ ഇരുവശങ്ങളിലും ബ്രേക്ക് ലൈറ്റിനോട് ചേർന്ന് പ്രത്യേകം തയാറാക്കിയ രഹസ്യ അറകൾക്കുള്ളിലുമാണ് പണം സൂക്ഷിച്ചിരുന്നത്. കർണാടകയിൽ നിന്നും കേരളത്തിലേക്ക് വരികയായിരുന്ന കാറിലാണ് ഇത്തരത്തിൽ പണം ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത്. പിടിച്ചെടുത്ത പണവും വാഹനവും ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. ബത്തേരി സ്റ്റേഷൻ എസ്എച്ച്ഒ ശ്രീകാന്ത് എസ്. നായരുടെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ പി ജയപ്രകാശ്, സിവിൽ പൊലീസ് ഓഫിസർമാരായ അനിത്ത്, അനിൽകുമാർ, വിനീഷ, പ്രദീപൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി.




