കോഴിക്കോട് മൂഴിക്കലിൽ 16 കാരിയെ കൊലപ്പെടുത്തി ബന്ധുവായ 20കാരൻ ജീവനൊടുക്കി
.
കോഴിക്കോട് മൂഴിക്കലിൽ 16 കാരിയെ കൊലപ്പെടുത്തി ബന്ധുവായ 20കാരൻ ജീവനൊടുക്കി. പെൺകുട്ടിയെയും അടുത്ത ബന്ധുവായ അദിനാനെയും ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പെൺകുട്ടിയുടെ മാതാവിന്റെ സഹോദരീ പുത്രനാണ് അദിനാൻ. പെൺകുട്ടിയുടെ വീട്ടിൽ നിന്നാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. പെൺകുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കിയതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

പെൺകുട്ടിയുടെ ഉമ്മയുടെ ഉമ്മയെയും ഇയാള്‍ ശ്വാസംമുട്ടിച്ചു. പെൺകുട്ടിയുടെ മൃതദേഹമാണ് ആദ്യം കണ്ടെത്തിയത്. ഈ സമയം അദിനാൻ വീട്ടിൽ ഉണ്ടായിരുന്നു. പിന്നീടാണ് വീട്ടിലെ മറ്റൊരു മുറിയിൽ വെച്ച് അദിനാൻ ജീവനൊടുക്കിയതെന്നാണ് വിവരം. മുഖത്തിൽ ടേപ്പ് ചുറ്റിയാണ് അദിനാൻ ജീവനൊടുക്കിയത്. വായിലും മുഖത്തും സെല്ലോടാപ്പ് ചുറ്റിയ നിലയിലായിരുന്നു അദിനാന്റെ മൃതദേഹം. പെൺകുട്ടിയുടെ വീട്ടിൽ അദിനാൻ ഇടയ്ക്കിടെ താമസിക്കാനായി എത്തുമായിരുന്നു.

എന്നാൽ പിന്നീട് അദിനാന് സ്വഭാവദൂഷ്യമുണ്ടെന്ന് വീട്ടുകാർ കണ്ടെത്തുകയും വീട്ടിലേക്ക് വരുന്നത് വിലക്കുകയും ചെയ്തു. അദീനൻ സ്ഥിരം പ്രശ്നക്കാരനാണെന്ന് പൊലീസും പറയുന്നു. അദിനാന്റെ സ്വഭാവ ദൂഷ്യം പെൺകുട്ടി തിരിച്ചറിഞ്ഞതാണ് കൊലപാതകത്തിന് കാരണമെന്നാണ് സംശയിക്കുന്നത്. അദിനാൻ മുൻപ് വീട്ടിൽ നടത്തിയ മോഷണം പെൺകുട്ടി കണ്ടെത്തിയിരുന്നതായും വിവരമുണ്ട്. വിവരമറിഞ്ഞ് ചേവായൂർ പൊലീസ് സ്ഥലത്തെത്തി, ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹങ്ങൾ നിലവിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലാണ്.




