KOYILANDY DIARY.COM

The Perfect News Portal

പ്ലസ് വണ്‍ ഓണ്‍ലൈൻ ക്ലാസുകള്‍ നവംബര്‍ 2 മുതല്‍

തിരുവനന്തപുരം: ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി ക്ലാസുകള്‍ നവംബര്‍ രണ്ടുമുതല്‍ ഓണ്‍ലൈനില്‍ ആരംഭിക്കും. തുടക്കത്തില്‍ രാവിലെ 9.30 മുതല്‍ 10.30 വരെ രണ്ട് ക്ലാസുകളാണ് സംപ്രേഷണം ചെയ്യുക. ഫസ്റ്റ് ബെല്ലില്‍ ആരംഭിക്കുന്ന പ്ലസ് വണ്‍ ക്ലാസുകള്‍ കാണാന്‍ മുഴുവന്‍ കുട്ടികള്‍ക്കും സൗകര്യം ഏര്‍പ്പെടുത്തണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പൊതുവിദ്യാഭ്യാസ വകുപ്പിന് നിര്‍ദേശം നല്‍കി. പുതുതായി ക്ലാസുകള്‍ കാണുന്ന എല്ലാ കുട്ടികള്‍ക്കും മന്ത്രി ആശംസ നേര്‍ന്നു.

ജൂണ്‍ ഒന്ന് മുതല്‍ കൈറ്റ് വിക്ടേഴ്സിലൂടെ സംപ്രേഷണം ചെയ്തുവരുന്ന ഫസ്റ്റ്ബെല്‍ ഡിജിറ്റല്‍ ക്ലാസുകള്‍ ഒരു പൊതുസൈറ്റില്‍ ലഭ്യമാക്കുന്ന സംവിധാനവും കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) ഏര്‍പ്പെടുത്തി. ഇനി മുതല്‍ ജനറല്‍, തമിഴ്, കന്നഡ മീഡിയം വിഭാഗങ്ങളിലെ മുഴുവന്‍ ക്ലാസുകളും വീഡിയോ ഓണ്‍ ഡിമാന്‍ഡ് രൂപത്തില്‍ firstbell.kite.kerala.gov.in പോര്‍ട്ടലില്‍ ലഭ്യമാകുമെന്ന് കൈറ്റ് സി ഇ ഒ കെ അന്‍വര്‍ സാദത്ത് അറിയിച്ചു. മീഡിയം, ക്ലാസ്, വിഷയം എന്നിങ്ങനെ തിരിച്ച്‌ എപ്പിസോഡ് ക്രമത്തില്‍ 3000 ലധികം ക്ലാസുകള്‍ പോര്‍ട്ടലില്‍ ഒരുക്കിയിട്ടുണ്ട്.

പ്രീ പ്രൈമറി വിഭാഗത്തിലെ കിളിക്കൊഞ്ചല്‍ ആദ്യ ആഴ്ച ശനി, ഞായര്‍ ദിവസങ്ങളിലായിരിക്കും. ഇത് പിന്നീട് ക്രമീകരിക്കും. സമയ ലഭ്യതയുടെ പ്രശ്നം ഉള്ളതിനാല്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തിലെ ചില വിഷയങ്ങളും പ്രൈമറി, അപ്പര്‍ പ്രൈമറി വിഭാഗത്തിലെ ഭാഷാ വിഷയങ്ങളും അവധി ദിവസങ്ങള്‍ കൂടി പ്രയോജനപ്പെടുത്തി സംപ്രേഷണം ക്രമീകരിക്കും.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!