കേരളത്തിലെ യുഡിഎഫിനുള്ളിൽ ഘടകകക്ഷികളുടെ അതൃപ്തി ശക്തമാകുന്നു
.
കേരളത്തിലെ യുഡിഎഫിനുള്ളിൽ ഘടകകക്ഷികളുടെ അതൃപ്തി ശക്തമാകുന്നു. മുന്നണിക്കുള്ളിൽ കൂടിയാലോചനകൾ നടക്കുന്നില്ലെന്നും ഏകപക്ഷീയമായ തീരുമാനങ്ങൾ അംഗീകരിക്കാനാകില്ലെന്നുമുള്ള നിലപാടിലാണ് ആർഎസ്പി. മുഖ്യമന്ത്രിയുടെ ശൈലിയിൽ മാറ്റം വേണമെന്നും ആർഎസ്പി ആവശ്യപ്പെട്ടിരിക്കുകയാണ്. കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിനും അതൃപ്തിയുണ്ട്. അടിയന്തരമായി യുഡിഎഫ് യോഗം വിളിക്കണമെന്ന് എൻകെ പ്രേമചന്ദ്രൻ പത്രസമ്മേളനത്തിലൂടെ ആവശ്യപ്പെട്ടു.

ബോർഡുകളുടെയും കോർപ്പറേഷനുകളുടെയും വിഭജനം വൈകുന്നതാണ് ഘടകകക്ഷികളെ പ്രധാനമായും ചൊടിപ്പിക്കുന്നത്. വിഷയത്തിൽ മുഖ്യമന്ത്രിക്ക് കത്ത് നൽകാനാണ് ആർഎസ്പിയുടെ നീക്കം. എ എ അസീസിന് ക്യാബിനറ്റ് പദവി നൽകണമെന്ന ആവശ്യവും ആർഎസ്പി ഉന്നയിക്കുന്നുണ്ട്. ഒൻപത് ബോർഡുകളാണ് പാർട്ടി ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം, പത്ത് ബോർഡുകൾ വേണമെന്ന ആവശ്യവുമായി കേരള കോൺഗ്രസ് ജോസഫ് വിഭാഗവും രംഗത്തുണ്ട്. മുഖ്യമന്ത്രിയുടെ തീരുമാനത്തിനായി കാത്തിരിക്കുകയാണ് ഘടകകക്ഷികൾ.




