വിവാഹ ആഘോഷത്തിനിടെ പടക്കം പൊട്ടിച്ചു: നാദാപുരത്ത് കൂട്ടത്തല്ല്
.
കോഴിക്കോട്: നാദാപുരത്ത് വിവാഹ ആഘോഷത്തിനിടെ പടക്കം പൊട്ടിച്ചതിനെ ചൊല്ലിയുണ്ടായ തർക്കം കൂട്ടത്തല്ലിൽ കലാശിച്ചു. തൂണേരി പേരോട് സ്വദേശിയായ വരന്റെ വീട്ടുകാരും സുഹൃത്തുക്കളും വധുവിന്റെ വീട്ടിലേക്ക് എത്തുന്നതിനിടെയാണ് സംഘർഷമുണ്ടായത്. വധുവിന്റെ വീടിന് തൊട്ടടുത്ത് ഒരു മരണവീടുണ്ടായിരുന്നതിനാൽ പടക്കം പൊട്ടിക്കുകയോ വലിയ രീതിയിൽ ആഘോഷം നടത്തുകയോ ചെയ്യരുതെന്ന് നേരത്തെ തന്നെ വരന്റെ വീട്ടുകാരോട് ആവശ്യപ്പെട്ടിരുന്നു.

എന്നാൽ ഇത് അവഗണിച്ച് വരന്റെ കൂടെ എത്തിയവർ വധുവിന്റെ വീടിന് സമീപത്തുവെച്ച് പടക്കം പൊട്ടിക്കുകയും ബാൻഡ് മേളങ്ങളോടെ ആഘോഷിക്കുകയും ചെയ്തു. ഇത് വധുവിന്റെ വീട്ടുകാരും നാട്ടുകാരും ചോദ്യം ചെയ്തതോടെയാണ് വാക്കുതർക്കവും പിന്നീട് വലിയ സംഘർഷവുമുണ്ടായത്. നാദാപുരം പോലീസ് സ്ഥലത്തെത്തിയാണ് സ്ഥിതിഗതികൾ ശാന്തമാക്കിയത്. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടില്ല.




