കോസ്റ്ററിക്കയെ ഏഴ് ഗോളുകൾക്ക് തകർത്ത് അർജൻ്റീന
.
ബ്യൂനസ് അയേഴ്‌സ്: കോസ്റ്ററിക്കയുമായുള്ള സൗഹൃദമത്സരത്തിൽ അർജൻ്റീനയ്ക്ക് മിന്നും ജയം. ഏഴ് ഗോളിനാണ് അർജൻ്റീനയുടെ ജയം. മെസി ഇറങ്ങാത്ത മത്സരത്തിൽ കോസ്റ്ററിക്കയ്ക്ക് ഒരു ഗോൾ പോലും തിരിച്ചടിക്കാൻ സാധിച്ചിരുന്നില്ല. മൂന്ന് താരങ്ങൾ ഇരട്ട ഗോളുകൾ നേടി. നിക്കോ പാസ്, ജൂലിയൻ അൽവാരസ്, ഫ്രാങ്കോ മസ്റ്റാന്റുവാനോ എന്നിവരാണ് രണ്ട് ഗോളുകൾ വീതം നേടിയത്. മാക് അലിസ്റ്ററാണ് അടുത്ത ഗോൾ നേടിയത്.

കളിയുടെ എട്ടാം മിനുട്ടിലാണ് ആദ്യ ഗോൾ പിറന്നത്. മെസിയുടെ പത്താം നമ്പർ ജേഴ്‌സി ധരിച്ചെത്തിയ നിക്കോ പാസ് ആണ് ആദ്യം എതിരാളികളുടെ വല കുലുക്കിയത്. സൗഹൃദ മത്സരത്തിൽ ഇക്വഡോറിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തിയ കോസ്റ്ററിക്കയ്ക്ക് പക്ഷെ അർജൻ്റീനയെ പിടിച്ച് കെട്ടാൻ ആയില്ലെന്ന് മാത്രമല്ല ഏഴു ഗോളുകൾ സ്വന്തം വലയിലേക്ക് ഏറ്റുവാങ്ങേണ്ടിയും വന്നു. ആദ്യപകുതിയിൽ നാല് ഗോളും രണ്ടാം പകുതിയിൽ മൂന്ന് ഗോളുകളുമാണ് അർജൻ്റീന നേടിയത്.



