ബേപ്പൂരിൽ നിന്നും ലക്ഷദ്വീപിലേക്കുള്ള ചെറുകപ്പൽ സർവീസ് പുനരാരംഭിക്കുന്നു
.
കോഴിക്കോട്: ബേപ്പൂരിൽ നിന്നും ലക്ഷദ്വീപിലേക്കുള്ള ചെറുകപ്പൽ സർവീസ് പുനരാരംഭിക്കുന്നു. 250ലധികം യാത്രക്കാരെ വഹിക്കാൻ കഴിയുന്ന തേജ എന്ന് പേരുള്ള വെസൽ അവസാനഘട്ട പരിശോധനയ്ക്കായി ബേപ്പൂർ യാർഡിൽ എത്തി. ഡിസംബർ ആദ്യവാരം മുതൽ ലക്ഷദ്വീപ് സർവീസ് ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 250 ൽ അധികം യാത്രക്കാരെ വഹിക്കാൻ കഴിയുന്ന തേജ എന്ന അതിവേഗ വെസ്സലാണ് ലക്ഷദ്വീപ് സർവീസിനായി ഉപയോഗിക്കുക.

അവസാനവട്ട പരിശോധനകൾക്കായാണ് ചെറു കപ്പൽ ബേപ്പൂരിലെ റിപ്പയറിങ് കേന്ദ്രത്തിൽ എത്തിയത്. അത് പൂർത്തിയാക്കി അടുത്തമാസം ആദ്യവാരം തന്നെ ലക്ഷദ്വീപിലേക്ക് സർവീസ് നടത്തുമെന്നാണ് വിവരം. തമിഴ്നാട് പ്രവർത്തിക്കുന്ന ശുഭം എന്റർപ്രൈസസിന്റെ ഉടമസ്ഥതയിൽ ഉള്ളതാണ് പൂർണ്ണമായും ശീതീകരിച്ച വേഗ എന്ന ചെറുകപ്പൽ. നിലവിൽ ശുഭം എന്റർപ്രൈസസ് തമിഴ്നാട്ടിലെ നാഗപട്ടണത്തിൽ നിന്നും ശ്രീലങ്കയിലെ കൊളംബോയിലേക്ക് വെസൽ സർവീസ് നടത്തുന്നുണ്ട്.

കോവിഡ് പടരുന്നതിനെ തൊട്ടുമുമ്പു വരെ ഉണ്ടായിരുന്ന സർവീസ് ആണ് വീണ്ടും പുനരാരംഭിക്കുന്നത്. ചെറുകപ്പൽ സർവീസ് ആരംഭിക്കുന്നതോടെ കോഴിക്കോടുമായി അഭേദ്യ ബന്ധമുള്ള ലക്ഷദ്വീപ് നിവാസികൾക്ക് വലിയൊരു ആശ്വാസമാകും. ടൂറിസം ചരക്ക് ഗതാഗതം, ചികിത്സ എന്നീ മേഖലകളിലും ചെറു കപ്പൽ ദ്വീപ് നിവാസികൾക്ക് ഗുണകരമാകും.




