കടലുണ്ടി പുഴയുടെ തീരത്ത് ഓർമ്മകളുടെ വിസ്മയം തീർത്ത് അവർ ഒത്തുകൂടി
.
കോഴിക്കോട്: 1981-82 കാലഘട്ടത്തിൽ, കോഴിക്കോട് ഗവ. ട്രെയ്നിങ്ങ് കോളേജ് മാനാഞ്ചിറയിൽ വിവിധ വിഷയങ്ങളിൽ ബി.എഡ്. വിദ്യാർത്ഥികളായിരുന്നവർ നാല്പത്തിനാല് വർഷങ്ങൾക്കുശേഷം കടലുണ്ടി പുഴയോരത്തുള്ള മിയാമി റിസോർട്ടിൽ സംഗമിച്ച് ഓർമ്മകൾ പങ്കിട്ടത് ഏവർക്കും മധുരാനുഭവമായി. ശാരീരിക അസ്വാസ്ഥ്യങ്ങളും തിരക്കുകളും മറന്നാണ് പലരും ഈ സംഗമത്തിനെത്തിയത്.

അധ്യാപന രംഗത്തേക്ക് കൈ പിടിച്ചുയർത്തി, ജീവിത യാത്രയിൽ എന്നും ദീപസ്തംഭമായി നിലകൊണ്ട, മൺമറഞ്ഞ ഗുരുനാഥന്മാർക്കും പ്രിയസഹപാഠികൾക്കും പ്രണാമമർപ്പിച്ചുകൊണ്ടാണ് യോഗനടപടിക്കൾക്ക് തുടക്കമിട്ടത്. വീട്ടുവിശേഷങ്ങളും നാട്ടു വർത്തമാനങ്ങളും പറഞ്ഞ്, പാട്ടുപാടി, കവിത ചൊല്ലി, ഊഞ്ഞാലാടി, കലാപ്രകടനങ്ങളാസ്വദിച്ച്, ഭക്ഷണം പങ്കിട്ടു കഴിച്ച് വീണു കിട്ടിയ സമയത്തെ അവർ അനുഭൂതിയാക്കി മാറ്റി.

പ്രകൃതിഭംഗിയും കണ്ടൽക്കാടുകളും പക്ഷി സങ്കേതങ്ങളും തുരുത്തുകളുമുള്ള കടലുണ്ടി പുഴയിലൂടെ ബോട്ടു യാത്ര ചെയ്ത് ഹൃദ്യമായ അനുഭവമാക്കാനും ആരും മറന്നില്ല. ഹരിദാസ് പന്തീരാങ്കാവും പവിത്രൻ കെ. രചിച്ച പുസ്തകങ്ങൾ കൂട്ടുകാർക്ക് സമ്മാനിച്ചപ്പോൾ അവ ചർച്ച ചെയ്ത് സംഗമം സാർത്ഥകമാക്കാനും കഴിഞ്ഞു. അടുത്ത വർഷം വേറൊരിടത്ത് വീണ്ടും കാണാം എന്ന പ്രതീക്ഷയിൽ ഗൃഹാതുരത്വത്തോടെയാണ് എല്ലാവരും യാത്ര അവസാനിപ്പിച്ചത്.



