KOYILANDY DIARY.COM

The Perfect News Portal

‘അക്വാൻ’ ചുഴലിക്കാറ്റ് ശക്തിപ്രാപിക്കുന്നു: 145 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ്

.

ബം​ഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ‘അക്വാൻ’ (Akvan) ചുഴലിക്കാറ്റ് ശക്തിപ്രാപിക്കുന്നു. 145 കിലോമീറ്റർ വരെ വേ​ഗതയിൽ അതിതീവ്ര ചുഴലിക്കാറ്റായി മാറുമെന്നാണ് മുന്നറിയിപ്പ്. ആന്ധ്രാപ്രദേശ്, തെക്കൻ ഒഡിഷ തീരങ്ങളിൽ ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (IMD) യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. നവംബർ 19-ഓടെയാണ് അക്വാൻ അതിതീവ്ര ചുഴലിക്കാറ്റായി മാറുക. നവംബർ 20ന് ആന്ധ്രാപ്രദേശ് തീരം കടക്കുമെന്നും കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിട്ടുണ്ട്.

 

മണിക്കൂറിൽ പത്ത് കിലോമീറ്റർ വേഗത്തിലാണ് ചുഴലിക്കാറ്റ് സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. കരയിലേക്ക് അടുക്കുമ്പോൾ മണിക്കൂറിൽ 120 മുതൽ 130 കിലോമീറ്റർ വരെയായിരിക്കും കാറ്റിന്റെ വേഗത. ചില സമയങ്ങളിൽ ഇത് മണിക്കൂറിൽ 145 കിലോമീറ്റർ വരെയാകാനും സാധ്യതയുണ്ട്. ഒഡിഷയിൽ നവംബർ 18 മുതൽ ശക്തമായ മഴ ആരംഭിക്കും. നവംബർ 19 മുതൽ 21 വരെ കനത്ത മഴയ്ക്കും അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. റായലസീമയിലും നവംബർ 19, 20 തീയതികളിൽ ശക്തമായ മഴ ലഭിച്ചേക്കും.

 

പശ്ചിമ ബംഗാളിലെ സൗത്ത് 24 പർഗാനാസ്, പൂർബ മേദിനിപുർ, പശ്ചിം മേദിനിപുർ, ഝാർഗ്രാം ജില്ലകളിൽ നവംബർ 19 മുതൽ 21 വരെ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. കൊൽക്കത്ത ഉൾപ്പെടെയുള്ള തെക്കൻ ബംഗാൾ ജില്ലകളിൽ ഇടിമിന്നലോടു കൂടിയ മഴയും ശക്തമായ കാറ്റും പ്രതീക്ഷിക്കുന്നു. തമിഴ്നാട്, പുതുച്ചേരി, കാരയ്ക്കൽ മേഖലകളിൽ നവംബർ 18, 19 തീയതികളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കും നവംബർ 20 വരെ ഇടത്തരം മഴയ്ക്കും സാധ്യതയുണ്ട്.

 

തെലങ്കാനയുടെ കിഴക്കൻ മേഖലയിൽ നവംബർ 20ന് ശക്തമായ മഴ ലഭിച്ചേക്കും. ഛത്തീസ്ഗഢ്, ജാർഖണ്ഡ്, വിദർഭ, കിഴക്കൻ മധ്യപ്രദേശ് തുടങ്ങിയ മേഖലകളിലും നവംബർ 19 മുതൽ 21 വരെ മഴ മുന്നറിയിപ്പുണ്ട്. അതേസമയം ചുഴലിക്കാറ്റ് കേരളത്തിന് തിരിച്ചടിയാണെന്നും മഴയിൽ ഇനിയും കുറവുണ്ടായേക്കുമെന്നും കാലാവസ്ഥ വിദ​ഗ്ധർ ചൂണ്ടിക്കാണിക്കുന്നു.

 

Share news