കമ്മത്ത് ലൈനിലെ 11 ജ്വല്ലറികളിൽനിന്നായി 118.5 പവൻ സ്വർണവുമായി മുങ്ങിയ പ്രതി പിടിയിൽ
.
കോഴിക്കോട്: കമ്മത്ത് ലൈനിലെ 11 ജ്വല്ലറികളിൽനിന്നായി 118.5 പവൻ സ്വർണവുമായി മുങ്ങിയ പ്രതി പിടിയിൽ. പറമ്പിൽ ബസാർ സ്വദേശി സഫർനാസിനെയാണ് ടൗൺ പൊലീസ് അറസ്റ്റു ചെയ്തത്. ഒന്നര മാസത്തിന് ശേഷമാണ് പ്രതി പിടിയിലാകുന്നത്. ജൂലൈ 29–നാണ് കേസിനാസ്പദമായ സംഭവം. കമ്മത്ത് ലൈനിലെ ജ്വല്ലറിയിൽ ജീവനക്കാരനായ സഫർനാസ് കടയിലെത്തിയ ഉപഭോക്കാക്കൾക്ക് ആഭരണങ്ങളുടെ മോഡൽ പരിചയപ്പെടുത്താൻ എന്ന പേരിലാണ് മറ്റ് കടകളിൽനിന്ന് സ്വർണം വാങ്ങിയെടുത്തത്.

നേരത്തെയും ഇത്തരത്തിൽ പരസ്പര കൈമാറ്റം നടക്കുന്നതിനാൽ ആരും അവിശ്വസിച്ചില്ല. പരസ്പര വിശ്വാസത്തിന് മുകളിൽ ആളുകൾ നൽകിയ 1.4 കോടി രൂപ വിലമതിക്കുന്ന സ്വർണവുമായി ഇയാൾ മുങ്ങുകയായിരുന്നു. പൊലീസ് അരിച്ചുപെറുക്കി അന്വേഷിച്ചിട്ടും സഫർനാസിനെ കണ്ടെത്താൻ സാധിച്ചിരുന്നില്ല. ഇതിൽ സ്വർണവ്യാപാരികളുടെ വലിയ പ്രതിഷേധവുമുയർന്നിരുന്നു. കോഴിക്കോട്ടുനിന്ന് മുങ്ങിയ സഫർനാസ് വയനാട്ടിലും പിന്നീട് ബംഗളൂരുവിലുമെത്തി.

അവിടെനിന്ന് മട്ടന്നൂരിലും തുടർന്ന് മലപ്പുറം പുളിക്കലിലും എത്തി. ഇവിടെ സുഹൃത്തിന്റെ വീട്ടിൽ ഒളിവിൽ കഴിയുമ്പോഴാണ് പിടിയിലായത്. ടൗൺ എസിപി ടി കെ അഷ്റഫ്, സിഐ ടി വി ധനഞ്ജയദാസ്, എസ്ഐമാരായ സജീഷ് ഷിനോബ്, ടി വിഷ്ണു, എഎസ്ഐ ടി കെ ബിനിൽ കുമാർ, എസ്സിപിഒമാരായ പി ശ്രീജിത്ത് കുമാർ, വിശോഭ്ലാൽ, ജുനൈസ്, രതീഷ്, എൻ രഞ്ജിത്ത്, സിറ്റി ക്രൈം സ്ക്വാഡിലെ എം ഷാലു, സി കെ സുജിത്ത്, സൈബർ സെല്ലിലെ സ്കൈലേഷ്, പ്രജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടിച്ചത്. ഇയാളുടെ സഹോദരനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.




