എഐക്കെതിരെ സമരം ചെയ്ത് റോബോട്ടുകൾ
.
ഇതുവരെ കേട്ടുകേൾവിയില്ലാത്ത ഒരു പ്രതിഷേധത്തിനാണ് പോളണ്ട് സാക്ഷ്യം വഹിച്ചത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെയും ഓട്ടോമേഷന്റെയും വളർച്ച മനുഷ്യന്റെ തൊഴിലിന് ഭീഷണിയാകുന്നുവെന്നും, കൃത്രിമ ബുദ്ധിക്കെതിരെ കർശന നിയന്ത്രണങ്ങൾ വേണമെന്നും ആവശ്യപ്പെട്ട് ഏകദേശം 30 റോബോട്ടുകളാണ് തെരുവിലിറങ്ങിയത്.

വർധിച്ചുവരുന്ന തൊഴിൽ നഷ്ടങ്ങളെക്കുറിച്ച് ആശങ്ക ഉയർത്തിക്കൊണ്ട് വാഴ്സയിലെ ഡിജിറ്റൽ അഫയേഴ്സ് മന്ത്രാലയത്തിന് പുറത്താണ് ഈ വ്യത്യസ്തമായ സമരം നടന്നത്. ഹ്യൂമനോയ്ഡ് റോബോട്ടുകളും റോബോട്ടിക് നായ്ക്കളും സമരത്തിൽ അണിനിരന്നു. ‘ഡെമോക്രാറ്റിസം’ എന്ന കൂട്ടായ്മയുടെ നേതൃത്വത്തിലാണ് ഈ സമരം സംഘടിപ്പിച്ചത്. റോബോട്ടുകൾ വട്ടത്തിൽ നടന്ന് കൊടികൾ വീശുകയും, ലൗഡ് സ്പീക്കറുകൾ വഴി മുദ്രാവാക്യങ്ങൾ മുഴക്കുകയും ചെയ്തു.

സാങ്കേതികവിദ്യയുടെ വളർച്ച ലേബർ മാർക്കറ്റിനെ എങ്ങനെ ബാധിക്കുന്നു എന്നതിനെക്കുറിച്ച് വലിയൊരു ചർച്ചയ്ക്ക് തുടക്കമിടാനാണ് ഈ സമരം ലക്ഷ്യമിട്ടതെന്ന് സംഘാടകർ വ്യക്തമാക്കുന്നു. സമരത്തിൽ ‘അഗിബോട്ട് എ3’ ഉൾപ്പെടെയുള്ള എഐ പവേർഡ് ഹ്യൂമനോയ്ഡ് റോബോട്ടുകളും, ഇരുകാലുകളിൽ നടക്കുന്ന റോബോട്ടുകളും, നായയുടെ രൂപത്തിലുള്ള ക്വാഡ്രുപെഡുകളും പങ്കെടുത്തു.

പോളണ്ടിൽ യൂറോപ്യൻ യൂണിയന്റെ എഐ ആക്ട് നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന സമയത്താണ് ഈ വ്യത്യസ്തമായ പ്രതിഷേധം എന്നതും ശ്രദ്ധേയമാണ്. ഇതിന്റെ ഭാഗമായി പോളണ്ട് സ്വന്തമായി നിയമനിർമാണവും നടത്തിയിട്ടുണ്ട്. എഐ സംവിധാനങ്ങൾ നിരീക്ഷിക്കുന്നതിനും പരാതികൾ പരിഹരിക്കുന്നതിനുമായി ഒരു ദേശീയ സമിതിയും പോളണ്ടിൽ രൂപീകരിച്ചിട്ടുണ്ട്.



