KOYILANDY DIARY.COM

The Perfect News Portal

40 വയസ് കഴിഞ്ഞാല്‍ ശരീരത്തിന് എന്തൊക്കെ മാറ്റങ്ങളാണ് ഉണ്ടാകുന്നത്?; ലക്ഷണങ്ങളൊന്നും തളളിക്കളയരുത്

.

”പഴയതുപോലെ ശരീരത്തിന് വേഗമില്ല… വയര്‍ കുറച്ച് കൂടിയിട്ടുണ്ട്… ഉറങ്ങിയാലും ക്ഷീണം മാറുന്നില്ല… പ്രായമാകുമ്പോള്‍ ഇങ്ങനെയൊക്കെയല്ലേ?” 40 കഴിഞ്ഞ പലരും സ്വയം പറഞ്ഞ് ആശ്വസിക്കുന്ന വാക്കുകളാണിത്. ശരീരത്തില്‍ വരുന്ന ചെറിയ മാറ്റങ്ങള്‍ക്ക് പ്രായത്തെ പഴിചാരുന്നത് എളുപ്പമാണ്. എന്നാല്‍ എല്ലാ മാറ്റങ്ങളും പ്രായത്തിന്റെ സ്വാഭാവിക ഭാഗം മാത്രമാകണമെന്നില്ല. ചിലപ്പോള്‍ ശരീരം കാണിക്കുന്ന ചില മുന്നറിയിപ്പാകാം.

 

40 വയസാകുന്നതോടെ ശരീരം പെട്ടെന്ന് പ്രായമായി തകര്‍ന്ന് തുടങ്ങുന്നില്ല. 20-കളിലും 30-കളിലും എളുപ്പത്തില്‍ അവഗണിച്ചിരുന്ന ചില മാറ്റങ്ങള്‍ ഈ പ്രായത്തില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതായി വരും. ആരോഗ്യ വിദഗ്ധര്‍ പറയുന്നതനുസരിച്ച് 40 വയസ് ആവുക എന്നത് പേടിക്കേണ്ട കാര്യമല്ല. മറിച്ച് സ്വന്തം ശരീരത്തെ കുറച്ചുകൂടി ശ്രദ്ധിക്കാന്‍ തുടങ്ങേണ്ട സമയമാണ്.

 

ഭാരം നോക്കുകയാണെങ്കില്‍ പഴയ അതേ തൂക്കം തന്നെയായിരിക്കാം. പക്ഷേ പഴയ പാന്റ് പാകമാകുന്നില്ല. അരക്കെട്ടിന് മുറുക്കം ഉണ്ടാകുന്നുണ്ട്. ഇങ്ങനെ തോന്നാറുണ്ടോ. ഇത് എന്തുകൊണ്ടാണെന്നല്ലേ?. പ്രായം കൂടുമ്പോള്‍ ശരീരത്തിലെ കൊഴുപ്പിന്റെ വിതരണം മാറാം. പ്രത്യേകിച്ച് വയറിന് ചുറ്റും കൊഴുപ്പ് അടിയാനുള്ള സാധ്യത കൂടും. സ്ത്രീകളില്‍ ഹോര്‍മോണ്‍ മാറ്റങ്ങളും ഇതിന് കാരണമാകാം.

 

നിലത്ത് ഇരുന്നിട്ട് എഴുന്നേല്‍ക്കാന്‍ പഴയതുപോലെ എളുപ്പമല്ല, ഒരു കാലത്ത് വലിയ ഭാരമൊന്നുമല്ലാതെ എടുത്തിരുന്ന സാധനങ്ങള്‍ ഇപ്പോള്‍ ഭാരമായി തോന്നുന്നു. ഇത്തരം മാറ്റങ്ങള്‍ പേശികളുടെ ശക്തി കുറയുന്നതിന്റെ സൂചനയായിരിക്കാം. പ്രായം കൂടുമ്പോള്‍ പേശികളുടെ ശക്തി പതുക്കെ കുറയുന്നത് സ്വാഭാവികമാണ്. എന്നാല്‍ ശരീരത്തെ എപ്പോഴും സജീവമായി നിലനിര്‍ത്തുന്നത് ഈ കുറവ് ഒരു പരിധിവരെ കുറയ്ക്കാന്‍ സഹായിക്കും.

രക്തസമ്മര്‍ദ്ദത്തിലെ മാറ്റങ്ങള്‍

”എനിക്ക് കുഴപ്പമൊന്നുമില്ല” എന്ന് കരുതി രക്തസമ്മര്‍ദം പരിശോധിക്കാതിരിക്കരുത്. തലവേദനയില്ല, ക്ഷീണമില്ല, മറ്റു പ്രശ്‌നങ്ങളൊന്നുമില്ല എന്നതുകൊണ്ട് രക്തസമ്മര്‍ദം സാധാരണയാണെന്ന് ഉറപ്പിക്കാനാകില്ല. ഉയര്‍ന്ന രക്തസമ്മര്‍ദം പലപ്പോഴും പ്രത്യേകിച്ച് ലക്ഷണങ്ങളൊന്നും ഇല്ലാതെയാണ് ഉണ്ടാകുന്നത്. അതുകൊണ്ട് 40 കഴിഞ്ഞാല്‍ ഇടയ്ക്കിടെ രക്തസമ്മര്‍ദം പരിശോധിക്കേണ്ടത് പ്രധാനമാണ്.

ഷുഗറും കൊളസ്‌ട്രോളും പരിശോധിക്കാന്‍ മറക്കരുത്

രക്തത്തിലെ പഞ്ചസാരയിലും കൊളസ്‌ട്രോളിലും മാറ്റം വന്നാലും ശരീരം ഉടന്‍ ഒരു ലക്ഷണം കാണിക്കണമെന്നില്ല. അതുകൊണ്ടാണ് ചില ആരോഗ്യ പരിശോധനകള്‍ പ്രധാനമാകുന്നത്. ശരീരത്തിന് പ്രശ്‌നമൊന്നുമില്ലെന്ന് തോന്നുന്ന സമയത്തും പരിശോധനയിലൂടെ ചില മാറ്റങ്ങള്‍ കണ്ടെത്താന്‍ കഴിയും.

എത്ര ഉറങ്ങിയാലും ക്ഷീണം മാറുന്നില്ല

”ജോലിത്തിരക്കാണ്”, ”ഉറക്കം ശരിയായില്ല”, ”പ്രായമായതല്ലേ” എന്നൊക്കെ പറഞ്ഞ് ക്ഷീണം അവഗണിക്കാറുണ്ടോ?. ഒരു ദിവസമൊക്കെ ക്ഷീണം തോന്നുന്നത് സാധാരണമാണ്. എന്നാല്‍ മാസങ്ങളായി ക്ഷീണം തുടരുകയും വിശ്രമിച്ചിട്ടും ഊര്‍ജം തിരിച്ചുകിട്ടാതിരിക്കുകയും ചെയ്യുന്നുണ്ടെങ്കില്‍ കാരണം അന്വേഷിക്കണം. വിളര്‍ച്ച, തൈറോയ്ഡ് പ്രശ്‌നങ്ങള്‍, പോഷകങ്ങളുടെ കുറവ്, പ്രമേഹം, ഉറക്കത്തിലെ പ്രശ്‌നങ്ങള്‍, സ്ഥിരമായ സമ്മര്‍ദം തുടങ്ങി പല കാരണങ്ങളും തുടര്‍ച്ചയായ ക്ഷീണത്തിന് പിന്നിലുണ്ടാകാം.

രാത്രിയിലെ ഉറക്കം പഴയതുപോലെയല്ല

കിടന്നാല്‍ ഉടനെ ഉറങ്ങാന്‍ പറ്റുന്നില്ല. രാത്രിയില്‍ പലതവണ ഉണരുന്നു. രാവിലെ എഴുന്നേറ്റിട്ടും ഉറങ്ങിയതായി തോന്നുന്നില്ല. ഇതൊന്നും വെറുതെ പ്രായത്തിന്റെ പേരില്‍ തള്ളിക്കളയേണ്ട കാര്യമല്ല. സമ്മര്‍ദം, ഹോര്‍മോണ്‍ മാറ്റങ്ങള്‍, സ്ലീപ്പ് അപ്നിയ തുടങ്ങിയ പല കാരണങ്ങളും ഉറക്കത്തെ ബാധിക്കാം.

സ്ത്രീകള്‍ക്ക് 40-കള്‍ മറ്റൊരു മാറ്റത്തിന്റെ തുടക്കമാകാം

ചില സ്ത്രീകളില്‍ 40കളില്‍ തന്നെ പെരിമെനോപോസ് ആരംഭിക്കാം. ആര്‍ത്തവത്തില്‍ മാറ്റം, പെട്ടെന്ന് ചൂട് തോന്നുക, ഉറക്കപ്രശ്‌നങ്ങള്‍, മാനസികാവസ്ഥയിലെ മാറ്റങ്ങള്‍ എന്നിവ ഇതിന്റെ ഭാഗമായി ഉണ്ടാകാം. ഇത്തരം മാറ്റങ്ങള്‍ ജീവിതത്തിന്റെ ഈ ഘട്ടത്തില്‍ സ്വാഭാവികമായിരിക്കാം. എന്നാല്‍ അവ വളരെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെങ്കില്‍ ഡോക്ടറുമായി സംസാരിക്കുന്നത് നല്ലതാണ്. അസ്ഥികളുടെയും ഹൃദയാരോഗ്യത്തിന്റെയും കാര്യത്തിലും ഈ ഘട്ടത്തില്‍ ശ്രദ്ധ വേണം.

ശരീരവേദന തള്ളിക്കളയരുത്

ഒരു ദിവസം കൂടുതല്‍ ജോലി ചെയ്താല്‍ പുറം വേദനയോ ശരീരവേദനയോ ഉണ്ടാകുന്നുണ്ടോ?. എന്നാല്‍ ഒരേ സ്ഥലത്ത് വേദന വീണ്ടും വീണ്ടും വരികയോ വേദന കാരണം സാധാരണ കാര്യങ്ങള്‍ ചെയ്യാന്‍ പോലും ബുദ്ധിമുട്ടാകുകയോ ചെയ്താല്‍ അത് പരിശോധിക്കണം. പേശികളുടെ ശക്തിക്കുറവ്, മുന്‍പുണ്ടായിരുന്ന പരിക്ക് മൂലമുണ്ടാകുന്ന പ്രശ്‌നങ്ങള്‍, തെറ്റായ ഇരിപ്പും നില്‍പ്പും, സന്ധികളുടെ പ്രശ്‌നങ്ങള്‍ തുടങ്ങിയവയൊക്കെ വേദനയ്ക്ക് പിന്നിലെ കാരണമാകാം.

 

ശരീരത്തിന് കൂന് വന്നതായി തോന്നുക, പൊക്കം കുറഞ്ഞതായി തോന്നുക

കണ്ണാടിയില്‍ നോക്കുമ്പോള്‍ ശരീരത്തിന് ഒരു കൂന് വന്നതായി തോന്നുന്നുണ്ടോ? ഉയരം കുറഞ്ഞതായി തോന്നുന്നുണ്ടോ? തുടര്‍ച്ചയായ പുറംവേദനയുണ്ടോ?. ഇതെല്ലാം പ്രായത്തിന്റെ സ്വാഭാവിക മാറ്റം മാത്രമെന്ന് കരുതാതെ അസ്ഥികളുടെ ആരോഗ്യവും പരിശോധിക്കേണ്ടതുണ്ട്. പ്രത്യേകിച്ച് സ്ത്രീകളില്‍ ആര്‍ത്തവ വിരാമത്തിന് മുന്‍പുള്ള കാലഘട്ടത്തില്‍ അസ്ഥികളുടെ ആരോഗ്യത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കേണ്ടതുണ്ട്.

മറവി കൂടുന്നു

ഒരാളുടെ പേരോ മറ്റോ ഓര്‍മ വരാത്തത് ഇടയ്‌ക്കൊക്കെ വലിയ പ്രശ്‌നമല്ല. എന്നാല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ബുദ്ധിമുട്ടുക, കാര്യങ്ങള്‍ ഓര്‍ത്തുവെയ്ക്കാന്‍ കഴിയാതെ വരിക, മറവി തുടര്‍ച്ചയായി കൂടുക തുടങ്ങിയ മാറ്റങ്ങള്‍ ഉണ്ടെങ്കില്‍ ശ്രദ്ധിക്കണം. ഉറക്കക്കുറവ്, സമ്മര്‍ദം, ഹോര്‍മോണ്‍ മാറ്റങ്ങള്‍, പോഷകങ്ങളുടെ കുറവ് തുടങ്ങി പല കാര്യങ്ങളും ഇതിന് കാരണമാകാം. മാറ്റം തുടര്‍ന്നാല്‍ ഡോക്ടറുടെ സഹായം തേടുന്നതാണ് നല്ലത്. പക്ഷേ 40 കളിലെത്തി എന്നത് പ്രായത്തെ പേടിക്കേണ്ട സമയമല്ല. ശരീരത്തെ കുറച്ചുകൂടി ശ്രദ്ധിച്ച് മുന്നോട്ടുപോകേണ്ട പ്രായമാണ്.

Share news
error: Content is protected !!