റേഷൻ അരിയിലും സർക്കാരിന്റെ ചതി; ഓണം സ്പെഷ്യൽ അരിയുടെ വില ഇരട്ടിയാക്കി
.
കാർഡ് വ്യത്യാസമില്ലാതെ എല്ലാ റേഷൻ ഉപഭോക്താക്കൾക്കുമായി നൽകുന്ന ഓണം സ്പെഷ്യൽ അരിയുടെ വില ഇരട്ടിയാക്കി സംസ്ഥാന ഭക്ഷ്യ -പൊതു വിതരണ വകുപ്പ്. ഒരു കിലോ അരിയ്ക്ക് 26 രൂപ നൽകണം. കേരള ചരിത്രത്തിലാദ്യമായാണ് റേഷൻ കട വഴി നൽകുന്ന അരിയുടെ വില ഇത്രയേറെ ഉയർന്ന് നിൽക്കുന്നത്. അരി വിറ്റ് പോകില്ലെന്ന ഒരു വിഭാഗം റേഷൻ വ്യാപാരികളുടെ ആവശ്യവും സർക്കാർ തള്ളി. കഴിഞ്ഞ വർഷം ഓണത്തിന് അരി നൽകിയത് 10.90 രൂപയ്ക്ക് ആയിരുന്നു.

ഭക്ഷ്യ – സിവിൽ സപ്ലൈസ് വകുപ്പ് ആദ്യമായാണ് ഓപ്പൺ മാർക്കറ്റ് സെയിൽ സ്കീം വഴി കേന്ദ്ര പൂളിൽ നിന്നും ലഭിക്കുന്ന അരി റേഷൻ കട വഴി വിൽക്കുന്നത്. ഇതിനായി ഓരോ റേഷൻ കാർഡ് ഉടമകളിൽ നിന്നും വാങ്ങുന്നത് കിലോയ്ക്ക് 26 രൂപ. ഇത്ര ഉയർന്ന വില ഒരിക്കൽ പോലും റേഷൻ ഉപഭോക്താക്കളിൽ നിന്നും ഈടാക്കിയ ചരിത്രം ഭക്ഷ്യ സിവിൽ സപ്ലൈയിസിന് ഉണ്ടായിട്ടില്ല. വിവിധ സബ്സിഡികൾ വഴി ഓണക്കാലത്ത് വില കുറയ്ക്കാനാണ് എപ്പോഴും ശ്രമിക്കാറുള്ളത്.

കഴിഞ്ഞ വർഷം 10 രൂപ 90 പൈസയ്ക്ക് ലഭിച്ചിരുന്ന ഓണം സ്പെഷ്യൽ അരിയാണ് ഇത്തവണ രണ്ടര ഇരട്ടിയിലേറെ വർധിച്ച് 26 രൂപയായത്. അതേ സമയം ഉപഭോക്താക്കളുടെ എതിർപ്പ് കുറയ്ക്കാനായി സാധാരണ നൽകുന്ന റേഷൻ അരിയുടെ വില 10 രൂപ 90 പൈസയായി നില നിർത്തിയിട്ടുണ്ട്. 26 രൂപയുടെ സ്പെഷ്യൽ അരി വെള്ള കാർഡിന് 15 കിലോ, നീല കാർഡിന് 10 കിലോ പിങ്ക് കാർഡിന് 3 കിലോ എന്നിങ്ങനെ ലഭിക്കും. സംസ്ഥാനത്ത് ആകെയുള്ള പതിനാലായിരത്തോളം വരുന്ന റേഷൻ കടകളിൽ 26 രൂപയുടെ അരി എത്തിച്ചിട്ടുണ്ട്.

10 രൂപയ്ക്ക് നൽകുന്ന അരിയിൽ നിന്നും വിഭിന്നമാണ് എന്നാണ് സർക്കാർ അവകാശവാദം. പക്ഷെ രണ്ട് അരിയും തമ്മിൽ വേവിൽ വ്യത്യാസം ഇല്ലെന്ന് പരാതി റേഷൻ കട ഉടമകൾക്ക് തന്നെയുണ്ട്. വില ഉയർന്ന് നിൽക്കുന്നതിനാൽ വിറ്റ് പോകാൻ സാധ്യത കുറവായത് റേഷൻ വ്യാപാരികൾ ചൂണ്ടിക്കാട്ടിയിരുന്നു. ഇതേ തുടർന്ന് അനുനയിപ്പിക്കാനായി ഒരു കിലോ അരിയുടെ കമ്മീഷൻ വർധിപ്പിച്ചാണ് റേഷൻ കടക്കാരെ കൊണ്ട് അരി വാങ്ങിപ്പിക്കുന്നത്.
ഉത്സവ സീസണുകൾക്ക് മുന്നോടിയായി റേഷൻ വിഹിതം വർധിപ്പിക്കാൻ ഭക്ഷ്യ- സിവിൽ സപ്ലൈസ് വകുപ്പ് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടാറുണ്ട്. പക്ഷെ ഇത്തവണ അതുണ്ടായില്ല. തുടർന്ന് റേഷൻ വിഹിതം കുറഞ്ഞതോടെയാണ് ഓപ്പൺ മാർക്കറ്റ് സ്കീം വഴിയുള്ള വില കൂടി അരി റേഷൻ ഉപഭോക്താക്കൾക്ക് മേൽ കെട്ടിയേൽപ്പിച്ചിരിക്കുന്നത്.



