KOYILANDY DIARY.COM

The Perfect News Portal

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ ഗൈനക്കോളജി വിഭാഗം അടച്ചുപൂട്ടി: ഗര്‍ഭിണികള്‍ ദുരിതത്തില്‍

.

മലപ്പുറം: തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ ഗൈനക്കോളജി വിഭാഗം അടച്ചുപൂട്ടി എന്ന് പരാതി. വേണ്ട ഡോക്ടര്‍മാരില്ലാത്തതാണ് ദുരിതത്തിന് കാരണം. ഡോക്ടര്‍മാരില്ലാതെ ഗര്‍ഭിണികള്‍ ഉള്‍പ്പെടെ വലയുകയാണ്. ഡോക്ടര്‍മാര്‍ അവധിയെടുത്ത് സ്വകാര്യ ആശുപത്രിയില്‍ പോകുന്നു എന്ന ഗുരുതര പരാതിയാണ് ആശുപത്രിക്കെതിരെ ഉയര്‍ന്നിരിക്കുന്നത്.

 

ആവശ്യമായ ഡോക്ടര്‍മാരെ നിയമിക്കാതെ ട്രാന്‍സ്ഫര്‍ നടത്തിയതിലും അപാകത ഉണ്ട്. പ്രസവത്തിനായി എത്തിയവരെ മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്യുകയാണ് എന്നും പരാതി ഉണ്ട്. താലൂക്ക് ആശുപത്രിയില്‍ ഗൈനക്കോളജി വിഭാഗത്തില്‍ ഉള്ളത് രണ്ട് സീനിയര്‍ കണ്‍സള്‍ട്ടന്റ്മാരും ഒരു ജൂനിയര്‍ കണ്‍സള്‍ട്ടന്റും ഉള്‍പ്പെടെ മൂന്ന് ഡോക്ടര്‍മാരാണ്. ജൂനിയര്‍ കണ്‍സള്‍ട്ടന്റ് വ്യക്തിപരമായ ആവശ്യത്തിന് അവധിയെടുത്തിരിക്കുകയാണ്.

 

സീനിയര്‍ കണ്‍സള്‍ട്ടന്റുമാരില്‍ ഒരാള്‍ ദീര്‍ഘകാല അവധിയെടുത്തു സ്വകാര്യ ആശുപത്രിയില്‍ ജോലിയിൽ പ്രവേശിച്ചു. മൂന്നാമത്തെ ഡോക്ടര്‍ മെഡിക്കല്‍ കോളേജിലേക്ക് ട്രാന്‍സ്ഫര്‍ വാങ്ങി പോയി, എന്നാല്‍ ഇതിന് പകരം ഡോക്ടറെ ഇതുവരെ നിയമിച്ചിട്ടുമില്ല. ഇവരുടെ അവധി സംബന്ധിച്ച നടപടികള്‍ പൂര്‍ത്തിയാക്കാത്തതിനാലാണ് പകരം നിയമനം നടത്താന്‍ കഴിയാത്തത് എന്നാണ് വിവരം.

 

ഗൈനക്കോളജി വിഭാഗത്തില്‍ എത്തുന്ന രോഗികള്‍ വലിയ ദുരിതത്തിലാണ്. വലിയ പ്രതിഷേധമാണ് രോഗികള്‍ ഉയര്‍ത്തുന്നത്. സാധാരണക്കാര്‍ ആശ്രയിക്കുന്ന ആശുപത്രിയില്‍ ചികിത്സ ലഭിക്കാത്തത് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായി രോഗികള്‍ പറയുന്നു. സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് അടിയന്തര ഇടപെടല്‍ ഉണ്ടാകണമെന്നാണ് ഇവര്‍ ഉയര്‍ത്തുന്ന ആവശ്യം. മറ്റൊരാളെ പകരം നിയമിക്കാതെ നിലവില്‍ ഇരിക്കുന്ന ഡോക്ടര്‍ക്ക് ട്രാന്‍സ്ഫര്‍ നല്‍കുന്നതെങ്ങനെയാണെന്നതും ദുരൂഹമാണ്.

ട്രാന്‍സ്ഫറുകള്‍ ജനങ്ങള്‍ക്ക് ഉപകാരപ്പെടുന്ന നിലയില്‍ ആകണമെന്നും സര്‍ക്കാര്‍ മാറി എന്ന് കരുതി ഇത്തരം നടപടികള്‍ ഉണ്ടാകുന്നത് ജനങ്ങള്‍ക്ക് ബുദ്ധിമുട്ടാകുന്നെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. അതേസമയം താല്‍ക്കാലിക പരിഹാരം ചെയ്തിട്ടുണ്ടെന്നായിരുന്നു മലപ്പുറം ഡിഎംഒ നല്‍കിയ വിശദീകരണം. എന്നാല്‍ ഒപി മുടങ്ങുന്ന സ്ഥിതിയാണ് ഇപ്പോഴും ഉള്ളത്. മറ്റ് വിഭാഗങ്ങളിലും സമാന പ്രതിസന്ധിക്ക് സാധ്യത ഉണ്ടെന്നും പരാതി ഉയരുന്നുണ്ട്.

Share news
error: Content is protected !!