പന്തലായനി ശിവക്ഷേത്രത്തിനു സമീപമുള്ള വഴിയിൽ കാട്ടുപന്നി ഇറങ്ങി
കൊയിലാണ്ടി പന്തലായനി ശിവക്ഷേത്രത്തിനു സമീപമുള്ള ഇടവഴിയിൽ കാട്ടുപന്നി ഇറങ്ങി. ഇതോടെ നാട്ടുകാർ ഭീതിയിലായിരിക്കുകയാണ്. സമീപത്തുള്ള വീട്ടിലെ സിസിടിവിയിലാണ് കാട്ടുപന്നി സഞ്ചരിക്കുന്ന ദൃശ്യം പതിഞ്ഞത്. ശനിയാഴ്ച രാത്രി 10 മണിയോടെയാണ് കാട്ടുപന്നി സഞ്ചരിക്കുന്ന ദൃശ്യം സിസിടിവിയിൽ പതിഞ്ഞത്. രാത്രി കാലത്തും പുലർച്ചെയും കാൽ നടയാത്ര ചെയ്യുന്നവർ കാട്ടു പന്നി ഭീഷണിയിലാണ്. ക്ഷേത്രത്തിനടുത്തേക്ക് തന്നെയാണ് പന്നി പോയതെന്ന് ദൃശ്യങ്ങളിൽനിന്ന് വ്യക്തമാണ്.

റെയിൽവെ സ്റ്റേഷൻ തൊട്ടടുത്തായതുകൊണ്ട് നിരവധി പേർ ഇതിലൂടെ കാൽനടയായാണ് സ്റ്റേഷനിലേക്കും തിരിച്ചും പോകാറുള്ളത്. ഇരുചക്രവാഹനങ്ങളും അപകടത്തിൽപ്പെടാൻ സാധ്യത കൂടുതയാണ്. സമീപ പ്രദേശത്തുള്ള കുന്നുകളിൽ സമീപകാലത്തായി കാട്ടുപന്നികളുടെ സാന്നിദ്ധ്യം കൂടുതലായി കാണാറുണ്ട്. കോട്ടക്കുന്ന്, കുന്ന്യോറമല, അരീക്കുന്ന്, നെല്ലിക്കോട്ട്കുന്ന് എന്നിവിടങ്ങിളിലാണ് പന്നികളുടെ സാന്നിദ്ധ്യം ഉണ്ടാകാറുള്ളത്. പുളിയഞ്ചേരിയിൽ കഴിഞ്ഞമാസം പകൽ സമയത്ത് കാട്ടു പന്നി ഇറങ്ങിയിരുന്നു. പലയിടത്തു കൃഷിനാശം ഉണ്ടാക്കുന്നതും പതിവാണ്. ഇതിന് അടിയന്തര പരിഹാരം കാണാൻ നഗരസഭ തയ്യാറാകണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.




