KOYILANDY DIARY.COM

The Perfect News Portal

എയർ ഇന്ത്യ വിമാനം റദ്ദാക്കി: കണ്ണൂർ വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം

.

കണ്ണൂർ: എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ വൈകിയതോടെ കണ്ണൂർ വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം. ഒരു എയർ ഇന്ത്യ വിമാനം റദ്ദാക്കുകയും മറ്റൊന്ന് വൈകിയതുമാണ് പ്രതിഷേധത്തിന് കാരണം. കണ്ണൂർ – ദുബായ് എയർ ഇന്ത്യ വിമാനമാണ് റദ്ദാക്കിയത്. യാത്രക്കാർ രാവിലെ 6 ഓടെ വിമാനത്താവളത്തിൽ എത്തിയിരുന്നു. വിമാനത്താവളത്തിൽ എത്തിയ ശേഷമാണ് പല യാത്രക്കാരും വിമാനം റദ്ദാക്കിയ വിവരം അറിയുന്നത്.

 

മെയിൽ, ഫോൺ സന്ദേശങ്ങൾ വഴി യാത്രക്കാർക്ക് നേരത്തെ അറിയിപ്പ് നൽകിയതായാണ് എയർ ഇന്ത്യ എക്സ്പ്രസ് പറയുന്നത്. എന്നാൽ അത്തരത്തിൽ സന്ദേശം ലഭിച്ചിട്ടില്ലെന്നാണ് യാത്രക്കാർ അറിയിക്കുന്നത്. പ്രവർത്തനപരമായ ചില കാരണങ്ങളാലാണ് വിമാനം റദ്ദാക്കിയതെന്നാണ് വിമാന കമ്പനിയുടെ വിശദീകരണം. മസ്ക്കത്തിൽനിന്ന് എത്തേണ്ട വിമാനം അവിടെ നിന്ന് സമയത്ത് പുറപ്പെടാൻ കഴിയാത്തതാണ് കാരണം.

 

റദ്ദാക്കിയ വിമാനത്തിൽ ടിക്കറ്റെടുത്തിരുന്ന യാത്രക്കാർക്ക് മറ്റൊരു വിമാനത്തിൽ യാത്ര ഒരുക്കുമെന്നും അല്ലാത്ത പക്ഷം പണം തിരികെ നൽകുമെന്നും എയർ ഇന്ത്യ അറിയിച്ചു. അതേസമയം, 7.05ന് പുറപ്പെടേണ്ട കണ്ണൂർ – തിരുവനന്തപുരം വിമാനം അനിശ്ചിതമായി വൈകി. ഉച്ചയ്ക്ക് 1.10ന് ഈ വിമാനം പുറപ്പെടുമെന്നാണ് വിമാനത്താവള അധികൃതർ വ്യക്തമാക്കുന്നത്. അബുദാബിയിൽ നിന്ന് എത്തേണ്ട വിമാനം വൈകി പുറപ്പെട്ടതിനാലാണ് കാലതാമസമുണ്ടാകുന്നതെന്ന് എയർ ഇന്ത്യ അറിയിച്ചു. യാത്ര മുടങ്ങിയതോടെയാണ് യാത്രക്കാർ വിമാനത്താവളത്തിൽ ശക്തമായ പ്രതിഷേധം ആരംഭിച്ചത്.

 

Share news
error: Content is protected !!