അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ്; അന്വേഷണം ഊർജിതമാക്കി എസ്ഐടി
.
അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പിൽ അന്വേഷണം ഊർജിതമാക്കി എസ്ഐടി. ക്ഷേത്ര ട്രസ്റ്റ് അംഗങ്ങൾ അടക്കം 17പേരെ പ്രതികളാക്കിയതായി റിപ്പോർട്ട്. വിഎച്ച്പി ഉപാധ്യക്ഷനും ട്രസ്റ്റ് ജനറൽ സെക്രട്ടറിയുമായ ചമ്പത് റായിക്കെതിരെ കേസെടുത്തേക്കും. കൂടുതൽ അന്വേഷണത്തിനായി എസ്ഐടി വീണ്ടും അയോധ്യയിൽ എത്തി. ചമ്പത് റായിയുടെ വിശ്വസ്തൻ കൂടിയായ രാംശങ്കർ യാദവിന്റെ കൈവശം നിന്ന് സംഭാവനപ്പെട്ടികളുടെ താക്കോലുകൾ കണ്ടെത്തിയതായി ആണ് വിവരം.

3500 കോടി രൂപ പണത്തിന് പുറമേ സ്വർണ്ണം, വെള്ളി വിലപിടിപ്പുള്ള വസ്തുക്കൾ എന്നിവയും ക്ഷേത്രത്തിൽ സംഭാവനയായി ലഭിച്ചിരുന്നു. എന്നാൽ ഇവയ്ക്കൊന്നും കൃത്യമായ രേഖകൾ ഇല്ലെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. സംഭാവന എണ്ണിത്തിട്ടപ്പെടുത്തുന്നതിൽ ക്രമക്കേട് നടന്നതായി അന്വേഷണ സംഘം കണ്ടെത്തി. ക്ഷേത്ര ട്രസ്റ്റ് പുനഃസംഘടിപ്പിക്കണം എന്നും പ്രാഥമിക റിപ്പോർട്ടിൽ പ്രത്യേക അന്വേഷണസംഘം ശുപാർശ ചെയ്തു.

വഴിപാടുകൾ എണ്ണുന്ന ചുമതലയിൽ നിന്ന് 40 ജീവനക്കാരെ മാറ്റി. സംഭാവനകൾ തിട്ടപ്പെടുത്തുന്ന വിഭാഗത്തിൽ സുരക്ഷ ശക്തമാക്കി. ക്ഷേത്രത്തിലേക്ക് സംഭാവനയായി ലഭിക്കുന്ന പണം നിലത്ത് പരവതാനി വിരിച്ച് എണ്ണണം. പണം എണ്ണുമ്പോഴും മാറ്റുമ്പോഴും വിഡിയോയിൽ ചിത്രീകരിക്കണമെന്നും നിർദ്ദേശം നൽകി. ക്ഷേത്ര ട്രസ്റ്റ് പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് കർസേവകരുടെ സംഘടന പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്. ക്ഷേത്രത്തിൽ ഉണ്ടായ ക്രമക്കേടിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി നൽകി.




