വാളയാറിൽ വൻ ലഹരി വേട്ട; 95 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ
.
പാലക്കാട്: പാലക്കാട് വാളയാറിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ വൻ ലഹരിമരുന്ന് വേട്ട. 95 ഗ്രാം എംഡിഎംഎയുമായി കണ്ണൂർ കൂത്തുപറമ്പ് സ്വദേശി ഫഹദ് പിടിയിലായി. ഗുളിക രൂപത്തിലുള്ള ‘എക്സ്റ്റാസി’ ആണ് ഇയാളിൽ നിന്ന് പിടിച്ചെടുത്തത്. ഹൈദരാബാദിൽ നിന്നും എറണാകുളത്തേക്ക് ലഹരിമരുന്ന് കടത്താനുള്ള ശ്രമത്തിനിടെയാണ് വാളയാർ ചെക്ക്പോസ്റ്റിൽ വെച്ച് ഇയാൾ കുടുങ്ങിയത്.

വാളയാർ ചെക്ക്പോസ്റ്റിന് സമീപം എക്സൈസ് സംഘം നടത്തിവന്ന പതിവ് വാഹന പരിശോധനയ്കിടെയാണ് സംഭവം. ഹൈദരാബാദ് – എറണാകുളം റൂട്ടിലോടുന്ന എസി ഡീലക്സ് ബസിലെ യാത്രക്കാരനായിരുന്നു ഫഹദ്. പരിശോധനയ്ക്കിടെ ഫഹദിൻ്റെ പെരുമാറ്റത്തിൽ സംശയം തോന്നിയ ഉദ്യോഗസ്ഥർ ഇയാളെ വിശദമായി പരിശോധിക്കുകയായിരുന്നു. കൈവശമുണ്ടായിരുന്ന തുണിസഞ്ചിക്കുള്ളിൽ ഷർട്ടിനിടയിൽ അതീവ രഹസ്യമായി ഒളിപ്പിച്ച നിലയിലായിരുന്നു ലഹരി ഗുളികകൾ.

ഫഹദ് ഇതിനു മുൻപും സമാനമായ രീതിയിൽ കടത്തിയിട്ടുണ്ടെന്നും എന്നാൽ ആദ്യമായാണ് പിടിയിലാകുന്നതെന്നും എക്സൈസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ലഹരിമരുന്ന് എവിടെ നിന്നാണ് എത്തിച്ചതെന്നോ ആർക്ക് വേണ്ടിയാണ് കൊണ്ടുവന്നതെന്നോ ഉള്ള കാര്യത്തിൽ നിലവിൽ വ്യക്തതയില്ല. ഫഹദിനെ എക്സൈസ് സംഘം വിശദമായി ചോദ്യം ചെയ്തുവരികയാണ്.




