KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി ചെങ്ങോട്ടുകാവ് സ്വദേശി എൻ. സന്തോഷിന് സംസ്ഥാനത്തെ മികച്ച അധ്യാപകനുള്ള അവാർഡ്

കൊയിലാണ്ടി: ചെങ്ങോട്ടുകാവ്- സംസ്ഥാനത്തെ 2020-21 വർഷത്തെ മികച്ച സംസ്ഥാന അധ്യാപക അവാർഡ് എൻ. സന്തോഷിന് ലഭിച്ചു. മികച്ച എൻ. എസ്. എസ് പ്രോഗ്രാം ഓഫീസർക്കുള്ള അവാർഡ് ലഭിച്ചതിന് പിന്നാലെയാണ് പന്തല്ലൂർ കടമ്പോട് ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകനും കൊയിലാണ്ടി ചെങ്ങോട്ടുകാവ് സ്വദേശിയുമായ തീർത്ഥത്തിൽ എൻ. സന്തോഷിന് അധ്യാപക അവാർഡ് കൂടി ലഭിച്ചത്. ഉർദു അധ്യാപകനായ സന്തോഷ് ഹയർ സെക്കൻഡറി വിഭാഗത്തിലാണ് നേട്ടം കൈവരിച്ചത്. നേരത്തെ എ.പി. ജെ . അബ്ദുൽ കലാം എമിനൻറ് അവാർഡും അദ്ധേഹത്തിന് ലഭിച്ചിട്ടുണ്ട്. പന്തല്ലൂർ സ്കൂളിനെ മികച്ച എൻ.എസ്.എസ് യൂനിറ്റ് ആക്കുന്നതിൽ വലിയ പങ്കുവഹിച്ചു.

കാഴ്ച പരിമിതരായ പ്രൈമറി വിദ്യാർഥികൾക്ക് പഠനാവശ്യത്തിനായി ‘നാമ്പ്’ എന്ന പേരിൽ ഗന്ധ സ്പർശാനുഭവ ഉദ്യാനം നിർമിച്ചതും, 2018 ലെയും 2019 ലെയും പ്രളയാനന്തര പ്രവർത്തനവും, ആറ് കുടുംബങ്ങൾക്ക് ഉപജീവന ഉപാധികൾ നൽകിയതും, രണ്ടര ഏക്കർ സ്ഥലത്ത് 150 തൈകൾ നട്ടുപിടിപ്പിച്ച് ഫലവൃക്ഷ തോട്ടം ഒരുക്കിയതും, നിർധന കുടുംബങ്ങൾക്ക് വീട് നിർമിച്ച് നൽകിയതുമെല്ലാം സന്തോഷിന്റെ നേതൃത്വത്തിലായിരുന്നു. കാഴ്ച പരിമിതരായ ബിരുദ വിദ്യാർഥികൾക്ക് വേണ്ടി ഓഡിയോ ബുക്ക് നിർമിച്ചും അക്കാദമിക് രംഗങ്ങളിലും വേറിട്ട പ്രവർത്തനം നടത്തിയിട്ടുണ്ട്. ഹയർ സെക്കൻഡറി പാഠപുസ്തക നിർമാണ കമ്മിറ്റിയിലും അംഗമായിരുന്നു.

കൊയിലാണ്ടി ചെങ്ങോട്ടുകാവ് സ്വദേശിയായ സന്തോഷ് കഴിഞ്ഞ 20 വർഷമായി കടമ്പോട് സ്കൂളിലാണ് ജോലി ചെയ്യുന്നത്. ഭാര്യ: ബിജുല ബി.എസ്.എൻ.എൽ എൻജിനീയർ, മലപ്പുറം). ഗായത്രി, ഗോവിന്ദ് എന്നിവർ മക്കളാണ്.

Advertisements

Leave a Reply

Your email address will not be published. Required fields are marked *