KOYILANDY DIARY

The Perfect News Portal

സുകുമാരൻ ഭാഗവതർ സ്മാരക പുരസ്ക്കാരം ഗുരു രമാദേവിക്ക്


കൊയിലാണ്ടി: സംഗീതാചാര്യൻ സുകുമാരൻ ഭാഗവതർ സ്മാരക പുരസ്ക്കാരം ഗുരു രമാദേവിക്ക്*. ശ്രുതി ശുദ്ധമായ കർണ്ണാടക സംഗീതത്തിലൂടെ നാടിന് വെളിച്ചം പകർന്ന സംഗീതാചാര്യൻ മലബാർ സുകുമാരൻ ഭാഗവതരുടെ സ്മരണക്കായി പൂക്കാട് കലാലയം ഏർപ്പെടുത്തിയ പുരസ്ക്കാരം ദക്ഷിണേന്ത്യൻ നൃത്ത കലാരൂപമായ കുച്ചുപ്പുഡിയെ ലോക ശ്രദ്ധയിൽ കൊണ്ടുവരുന്നതിൽ നിസ്തുലമായ സംഭാവനകൾ നൽകിയ കലാകാരി ഗുരുരമാദേവി (ഹൈദ്രബാദ്) ക്ക് സമർപ്പിക്കപ്പെടും.

സുകുമാരൻ ഭാഗവതരുടെ ഓർമ്മദിനമായ ഏപ്രിൽ 22 ന് കലാലയം സർഗ്ഗവനിയിൽ വെച്ച് നടക്കുന്ന ചടങ്ങിൽ കേരള കലാമണ്ഡലം ഡീംഡ് യൂനിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ.ടി.കെ.നാരായണൻ ഉപഹാര സമർപ്പണം നടത്തും. നാട്യാചാര്യൻ പി.ജി. ജനാർദ്ദനൻ വാടാനപ്പള്ളി, ഡോ. ഭരതാഞ്ജലി മധുസൂദനൻ , യു.കെ.രാഘവൻ എന്നിവർ അടങ്ങുന്ന ജൂറിയാണ് പുരസ്ക്കാര ജേതാവിനെ തെരഞ്ഞെടുത്തത്.

കേരള സംഗീത നാടക അക്കാദമി കലാശ്രീ പുരസ്ക്കാരം, തെലുങ്കു യൂനിവേഴ്സിറ്റിയുടെ കീർത്തി പുരസ്ക്കാരം, ഒഡീഷ സർക്കാറിന്റെ അഭിനവ ശാസ്ത്രീയ നൃത്ത കലാരത്ന സമ്മാൻ , തമിഴ് നാടിന്റെ നാട്യ കലൈചുദാർ പത്മഭൂഷൺ വെമ്പട്ടി ചിന്നസത്യ സ്മാരക അവാർഡ്, വൈശാലി നൃത്തോത്സവം നാട്യശ്രീ തുടങ്ങിയ നിരവധി പുരസ്ക്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. അമേരിക്കയിലെ സിലിക്കോൺ യൂനിവേഴ്സിറ്റിയിൽ വിസിറ്റിംഗ് പ്രൊഫസ്സറായും ഇവർ സേവനമനുഷ്ഠിക്കുന്നു.

Advertisements

പൂക്കാട് കലാലയത്തിൽ ഗുരു സ്മരണ പരിപാടികൾ രാവിലെ 8.30 ആരംഭിക്കും. കേളികൊട്ട് , പുഷ്പാർച്ചന ., സമൂഹ കീർത്തനാലാപനം, യുവഗായകർക്കായുള്ള ഗാനപ്രഭാപുരസ്ക്കാര നിർണ്ണയമത്സരം, അനുസ്മരണ സമ്മേളനം, വൈകീട്ട് 6.30ന് കലാലയം വിദ്യാർത്ഥികളും പൂർവ്വവിദ്യാർത്ഥികളും അവതരിപ്പിക്കുന്ന ഗാനസന്ധ്യ എന്നീ പരിപാടികളോടെ അനുസ്മരണ പരിപാടിക്ക് സമാപനമാകും.  അച്ചുതൻ ചേമഞ്ചേരി ജനറൽ കൺവീനറായും, അഡ്വ: കെ.ടി. ശ്രീനിവാസൻ ചെയർമാനായുമുളള സാഗത സംഘമാണ് ചിട്ടയായ പ്രവർത്തനങ്ങൾക്ക് രൂപം നൽകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *