KOYILANDY DIARY.COM

The Perfect News Portal

വെളിയണ്ണൂര്‍ ചല്ലിയില്‍ കൃഷിയിറക്കി

കൊയിലാണ്ടി: അരിക്കുളം വെളിയണ്ണൂര്‍ ചല്ലിയില്‍ നെല്‍ക്കൃഷി തിരിച്ചു വരുന്നു. കൃഷി വകുപ്പിന്റെ തരിശുനില വികസന പദ്ധതി പ്രകാരം വെളിയണ്ണൂര്‍ ചല്ലിയില്‍ 75 ഏക്കര്‍ സ്ഥലത്താണ് പുതുതായി നെല്‍ക്കൃഷി ആരംഭിക്കുന്നത്. ഇതിന്റെ ഭാഗമായി നടന്ന ഞാറ് നടല്‍ ഉത്സവാന്തരീക്ഷത്തില്‍ അരിക്കുളം ഒറവിങ്കല്‍ താഴ പാടശേഖരത്ത് നടന്നു.

ഒറവിങ്കല്‍ താഴ ഭാഗത്ത് 30 ഏക്കറിലും ഊരള്ളൂരില്‍ 40 ഏക്കറിലുമാണ് നെല്‍ക്കൃഷി നടത്തുന്നത്. ആദ്യ ഘട്ടത്തില്‍ 45 ഏക്കറില്‍ മുണ്ടകന്‍ കൃഷിയും  30 ഏക്കറില്‍ പുഞ്ചക്കൃഷിയും ചെയ്യും. 130 ദിവസം കൊണ്ട് കൊയ്യാവുന്ന പൊന്‍മണി, ജ്യോതി എന്നീ വിത്തിനങ്ങള്‍ ഉപയോഗിച്ചാണ് കൃഷി. അരിക്കുളം അഗ്രോ സര്‍വീസ് സെന്റര്‍ മുഖേനയാണ് വെളിയണ്ണൂര്‍ ചല്ലിയില്‍ കൃഷിയിറക്കുന്നത്.

ഒറവിങ്കല്‍ താഴ, അരിക്കുളം,ഊരള്ളൂര്‍ പാടശേഖരങ്ങളിലാണ് കൃഷിയിറക്കിയത്‌. കൃഷിവകുപ്പ് ഒരു ഹെക്ടര്‍ സ്ഥലത്ത് കൃഷി ചെയ്യാന്‍ 30,000 രൂപ നല്‍കുന്നുണ്ട്. ഇതില്‍ 25,000രൂപ കര്‍ഷകനും അയ്യായിരം രൂപ സ്ഥലമുടമയ്ക്കും ലഭിക്കും. വിത്ത്, കുമ്മായം എന്നിവയും നല്‍കുന്നുണ്ട്. നടീല്‍ ഉത്സവം അരിക്കുളം ഗ്രാമ പ്പഞ്ചായത്ത് പ്രസിഡന്റ് സി. രാധ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് വി.എം. ഉണ്ണി, വാര്‍ഡ് മെമ്പര്‍ ലത , പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ സി. ഹരിദാസന്‍, അരിക്കുളം കൃഷി ഓഫീസര്‍ അനിത പാലാരി, ജെ.എന്‍. പ്രേംഭാസില്‍, കര്‍ഷകര്‍, അരിക്കുളം യു.പി.സ്‌കൂള്‍ വിദ്യാര്‍ഥി കള്‍ എന്നിവര്‍ പങ്കെടുത്തു.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!