KOYILANDY DIARY

The Perfect News Portal

തെങ്ങുകള്‍ രോഗം വന്ന് നശിക്കുന്നു

കൊയിലാണ്ടി: മൂടാടി ഗ്രാമപ്പഞ്ചായത്തിലെ മുചുകുന്നില്‍ തെങ്ങുകള്‍ രോഗം വന്ന് നശിക്കുന്നു. തഞ്ചാവൂര്‍ ദ്രുതവാട്ടമാണ് ബാധിച്ചതെന്ന് കൃഷിവകുപ്പധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ടെന്ന് കര്‍ഷകര്‍ പറഞ്ഞു. പുത്തന്‍പുരയില്‍, വളേരി, അരയങ്ങാട്ട് ഭാഗങ്ങളിലാണ് രോഗബാധ. തടിയുടെ അടിഭാഗത്ത് കൂണ്‍ പ്രത്യക്ഷപ്പെടുകയും ക്രമേണ തെങ്ങിന്‍ തലപ്പ് ഉണങ്ങിപ്പോകുകയുമാണ് ചെയ്യുന്നത്.

കൃഷിഭവനില്‍ ബന്ധപ്പെട്ടപ്പോള്‍ കൂണ്‍നാശിനി തളിക്കാനാണ് നിര്‍ദേശം ലഭിച്ചത്. ഇതിനായി ഒരുതെങ്ങിന് നൂറുരൂപയിലധികം ചെലവുവുമെന്നതിനാല്‍ കര്‍ഷകര്‍ മടിച്ചു നിന്നു. തെങ്ങുകയറ്റക്കൂലിയും വളം ചെയ്യാനുള്ള ചെലവും കൂട്ടിനോക്കുമ്പോള്‍ തന്നെ നഷ്ടത്തിലായ കേര കര്‍ഷകര്‍ കൂണ്‍ നാശിനിക്കായി ഭീമമായതുക ചെലവിടാന്‍ കഴിയാത്ത സ്ഥിതിയിലാണ്. സര്‍ക്കാര്‍ ഇടപെട്ട് രോഗബാധ തടഞ്ഞില്ലെങ്കില്‍ പ്രദേശത്തെ മുഴുവന്‍ തെങ്ങുകളേയും ബാധിക്കുമെന്നാണ് കര്‍ഷകര്‍ നല്‍കുന്ന മുന്നറിയിപ്പ്.

Leave a Reply

Your email address will not be published. Required fields are marked *