KOYILANDY DIARY

The Perfect News Portal

‘ചിന്തിക്കാം, സൃഷ്ടിക്കാം, സമഭാവനയുടെ നവകേരളം’ സര്‍ക്കാരിന്റെ വനിതാദിന സന്ദേശം

തിരുവനന്തപുരം: ‘ചിന്തിക്കാം, സൃഷ്ടിക്കാം, സമഭാവനയുടെ നവകേരളം.’ എല്‍ഡിഎഫ്‌ സര്‍ക്കാരിന്റെ ഈ വര്‍ഷത്തെ വനിതാ ദിനത്തിന്റെ സന്ദേശം ഇതാണ്. സമഭാവനയുടെ കേരളം പടുത്തുയര്‍ത്തുക എന്ന കാലഘട്ടം ആവശ്യപ്പെടുന്ന മഹത്തായ ഒരു ദൗത്യത്തിലേക്കുള്ള ചുവടുവെപ്പാണ് ഈ ക്യാമ്ബയിന്‍. മുഖ്യമന്ത്രി പിണറായി വിജയനാണ്‌ ഫേസ്‌ബുക്കിലൂടെ വനിതാ ദിനത്തില്‍ സര്‍ക്കാര്‍ എത്തിച്ചേര്‍ന്ന ലക്ഷ്യങ്ങളും നയങ്ങളും വിശദമാക്കി ആശംസകള്‍ അറിയിച്ചത്‌.

ഐക്യരാഷ്ട്രസഭയും നീതി ആയോഗും തയ്യാറാക്കിയ സുസ്ഥിര വികസന സൂചികയില്‍ ലിംഗസമത്വത്തില്‍ ഒന്നാം സ്ഥാനത്താണ് കേരളം. സ്ത്രീസാക്ഷരതയിലും സ്ത്രീകളുടെ വിദ്യാഭ്യാസത്തിലും ആരോഗ്യത്തിലും രാജ്യത്തിനു മാതൃകയാണ് നമ്മുടെ സംസ്ഥാനം. രാജ്യത്ത് സ്ത്രീസാക്ഷരത 65.46 ശതമാനം ആയിരിക്കുമ്ബോള്‍ കേരളത്തില്‍ അത് 91.98 ശതമാനമാണ്. മാതൃമരണനിരക്ക് രാജ്യത്ത് ഏറ്റവും കുറവ് രേഖപ്പെടുത്തുന്ന സംസ്ഥാനവും കേരളമാണ്. ഇവിടെ, സ്ത്രീകളുടെ ആയുര്‍ദൈര്‍ഘ്യം 77 ആണ്.

സ്ത്രീകളുടെ ഉന്നമനം ലക്ഷ്യമിട്ടുള്ള നയസമീപനങ്ങളാണ് സര്‍ക്കാര്‍ ആയിരം ദിനങ്ങള്‍ക്കുള്ളില്‍ നടപ്പാക്കിയത്. പ്രകടന പത്രികയില്‍ ഉറപ്പുനല്‍കിയതു പോലെ സ്ത്രീകള്‍ക്കുവേണ്ടി പ്രത്യേകമായൊരു വകുപ്പ് രൂപീകരിച്ചു. സ്ത്രീകളുടെ സാന്നിധ്യമില്ലാതിരുന്ന അഗ്നിശമന സേനയില്‍ വനിതകള്‍ക്ക് മാത്രമായി 100 പുതിയ തസ്തികകള്‍ ഉണ്ടാക്കി. പൊലീസില്‍ വനിതാ ബറ്റാലിയന്‍ സുസജ്ജമായി. ഇതൊക്കെ ആയിരുന്നു സര്‍ക്കാരിന്റെ ചുവടുവെപ്പുകള്‍. കുടുംബശ്രീയെ വിപുലപ്പെടുത്തി പുതിയ മേഖലകളിലേക്ക് വ്യാപിപ്പിച്ചു. തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുന്നതിനു വേണ്ടിയുള്ള നൈപുണ്യ പരിശീലന പരിപാടികള്‍ നടപ്പാക്കി. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ അമര്‍ച്ച ചെയ്യാന്‍ കര്‍ശനനടപടികള്‍ കൈക്കൊണ്ടു. ഇത്തരം സംഭവങ്ങള്‍ ഉണ്ടായപ്പോള്‍ കുറ്റവാളികളെ നിയമത്തിനു മുന്നിലെത്തിച്ചു.

Advertisements

സ്വയം പ്രതിരോധത്തിന് സ്ത്രീകളെ സജ്ജമാക്കുന്ന പരിശീലന പരിപാടികള്‍ സംഘടിപ്പിച്ചും പിങ്ക് പൊലീസ് വ്യാപകമാക്കിയും നടത്തിയ ഇടപെടലുകള്‍ ചെറുതല്ല. രാത്രികാല താമസത്തിന് എന്റെ കൂട്, ഷീ ലോഡ്ജ് തുടങ്ങിയ പദ്ധതികളും സ്ത്രീ സുരക്ഷയില്‍ ഊന്നിയുള്ളതാണ്. സാമൂഹ്യസുരക്ഷയും തുല്യനീതിയും ഉറപ്പാക്കിക്കൊണ്ട് കഴിവുകള്‍ പൂര്‍ണമായി വളര്‍ത്താന്‍ തുല്യ അവസരങ്ങള്‍ നല്‍കി, സ്ത്രീകളെ വികസനത്തില്‍ തുല്യ പങ്കാളികളാക്കുന്നതിനുള്ള സാഹചര്യവും സാമൂഹ്യ അന്തരീക്ഷവും ഒരുക്കാനാണ് സര്‍ക്കാര്‍ ശ്രമം. ഈ നയം കൂടുതല്‍ ഫലപ്രദമായി നടപ്പാക്കുമെന്ന സന്ദേശമാണ് വനിതാ ദിനത്തില്‍ നല്‍കുന്നത്- മുഖ്യമന്ത്രി ഫേസ്‌ബുക്ക്‌ കുറിപ്പില്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *