KOYILANDY DIARY

The Perfect News Portal

കോടിയേരി മൂന്നാറില്‍ : സമരത്തിന് സി.പി.ഐ.എം പിന്തുണ

മൂന്നാര്‍ : മൂന്നാറിലെ തോട്ടം തൊഴിലാളികളുടെ സമരത്തിന് എല്ലാവിധ പിന്തുണയും നല്‍കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. തൊഴിലാളികളുടെ സമരകേന്ദ്രവും, സമരം പരിഹരിക്കണമെന്നാവശ്യപെട്ട് നിരാഹാര സമരം നടത്തുന്ന എംഎല്‍എ എസ് രാജേന്ദ്രനെയും സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു കോടിയേരി.

തൊഴിലാളികള്‍ക്ക് പത്ത് സെന്റ് ഭൂമിയും അര്‍ഹമായ ബോണസും നല്‍കണം. തൊഴിലാളികള്‍ മുന്നോട്ട് വയ്ക്കുന്നത് ഏറ്റവും ന്യായമായ ആവശ്യമാണ്. അവഗണനയില്‍ മടുത്താണ് തൊഴിലാളികള്‍ പൊട്ടിത്തെറിയുടെ വക്കല്‍ എത്തിയിരിക്കുന്നത്. തൊഴിലാളികളുടെ ക്ഷമയെ പരീക്ഷിക്കരുത്. സര്‍ക്കാരിന്റെ തെറ്റായ നയങ്ങളാണ് തൊഴിലാളികളെ സമരമുഖത്ത് എത്തിച്ചിരിക്കുന്നത്. നാളത്തെ ചര്‍ച്ചയില്‍ ആവശ്യങ്ങള്‍ സംബന്ധിച്ച് തീരുമാനമുണ്ടാകണം. അല്ലാത്ത പക്ഷം തൊഴിലാളികളുടെ ആവശ്യങ്ങള്‍ അംഗീകരിക്കും വരെ ജീവന്‍കൊടുത്തും സമരത്തിന് എല്ലാവിധ പിന്തുണയും നല്‍കുമെന്ന് കോടിയേരി പറഞ്ഞു.