KOYILANDY DIARY

The Perfect News Portal

കേരളത്തിന് വേണ്ടി മിന്നുന്ന പ്രകടനം കാഴ്ചവെച്ച്‌ ഫുട്ബോള്‍ അക്കാഡമി വിദ്യാര്‍ത്ഥിനികള്‍

നാദാപുരം: ബംഗളുരു ശ്രീ കണ്ഠീരവ സ്റ്റേഡിയത്തില്‍ നടന്ന ഊര്‍ജ്വ കപ്പ് വനിതാ ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ കേരളത്തിന് വേണ്ടി മിന്നുന്ന പ്രകടനം കാഴ്ചവെച്ച്‌ പുറമേരി കടത്തനാട് രാജാ ഫുട്ബോള്‍ അക്കാഡമി വിദ്യാര്‍ത്ഥിനികള്‍ അഭിമാനമായി.

വേള്‍ഡ് കപ്പ് 2017 അണ്ടര്‍ 17 വിഭാഗം മത്സരത്തിനു മുന്നോടിയായി നടന്ന മത്സരത്തിലാണ് അക്കാഡമിയിലെ അഞ്ച് മിടുക്കികള്‍ ഫുട്ബോളിലെ കടത്തനാടന്‍ പെരുമ ഉയര്‍ത്തിയത്. ആന്ധ്രാപ്രദേശ്, കര്‍ണാടക, പോണ്ടിച്ചേരി, കേരള, തമിഴ്നാട് എന്നീ സംസ്ഥാനങ്ങള്‍ ഉള്‍പ്പെടുന്ന ദക്ഷിണാ മേഖലാ സോണ്‍ മത്സരങ്ങളാണ് ബംഗളുരുവില്‍ അരങ്ങേറിയത്.

ജൂണ്‍ പത്തൊമ്പത് മുതല്‍ ഇരുപത്തിയഞ്ചു വരെയായിരുന്നു മത്സരങ്ങള്‍. അക്കാഡമിയിലെ കെ.ടി.കെ. അഞ്ജു, കെ.പി. അശ്വതി, ആര്യാ കൃഷ്ണന്‍, അശ്വതി വര്‍മ്മ, ഗോള്‍ കീപ്പര്‍ കെ. നിസരി, എന്നിവരാണ് കേരളത്തിനു വേണ്ടി ബൂട്ടണിഞ്ഞത്. കര്‍ണാടകക്കെതിരെ അശ്വതി വര്‍മയും, ആന്ധ്രാപ്രദേശിനെതിരെ കെ.പി.അശ്വതിയും ഗോളുകള്‍ നേടി. പങ്കെടുത്ത അഞ്ചു പേരും എല്ലാ മത്സരങ്ങളിലും മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. ഫൈനലില്‍ തമിഴ്നാടിനോടാണ് കേരള ടീം തോറ്റത്.

Advertisements

ഇതിനു മുമ്പ്‌ കെ.പി.അശ്വതി അണ്ടര്‍ 17, അണ്ടര്‍ 18 വിഭാഗങ്ങളിലും അശ്വതി വര്‍മ്മ അണ്ടര്‍ 16 വിഭാഗത്തിലും കേരളാ ടീമിന് വേണ്ടി ബൂട്ടണിഞ്ഞിട്ടുണ്ട്. കെ.ടി.കെ.അഞ്ജു ഖേലോ ഇന്ത്യാ ഫുട്ബോള്‍ മത്സരത്തിലും കേരളത്തിന് വേണ്ടി കളിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *