ആനപ്പാറ സമര പന്തൽ യൂത്ത് കോൺഗ്രസ് നേതാക്കൾ സന്ദർശിച്ചു
കീഴരിയൂർ: ആനപ്പാറയിലെ സമരപന്തൽ യൂത്ത് കോൺഗ്രസ് നേതാക്കൾ സന്ദർശിച്ചു. ആനപ്പാറ ക്വാറി വിരുദ്ധ സമരത്തെ പോലീസിനെ ഉപയോഗിച്ച് നിർവീര്യമാക്കാനുള്ള ക്വാറി മുതലാളിമാരുടെ ശ്രമത്തെ ചെറുത്തുതോൽപ്പിക്കുമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിമാരായ വി.പി. ദുൽഖിഫിൽ, പി.കെ. രാഗേഷ് എന്നിവർ പറഞ്ഞു. ക്വാറിവിരുദ്ധ സമരത്തിന്റെ മുപ്പത്തി രണ്ടാം ദിവസത്തിൽ സമരപ്പന്തൽ സന്ദർശിച്ച് സംസാരിക്കുകയായിരുന്നു അവർ. തുടർച്ചയായുള്ള ക്വാറിയിലെ ഉഗ്രസ്ഫോടനങ്ങൾ സമീപത്തെ ഇരുപതിലധികം വീടുകൾക്ക് വിള്ളലുണ്ടാക്കിയിട്ടുണ്ട്. ക്വാറി പ്രവർത്തനം അവസാനിപ്പിച്ച് ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണം. മണ്ഡലം പ്രസിഡന്റ് ആദർശ് അശോക്, അഖിൽ ഹരികൃഷ്ണൻ, ആദിൽ മുണ്ട്യയത്ത്, ടി.കെ. ഷിനിൽ, കെ. നിധിഷ്, ഇ. അർജുൻ, പി.ടി. ബിജു, സതീശൻ മുതുവന, എം.ടി. ജിത്തു രാജ് എന്നിവർ സംബന്ധിച്ചു.