ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയ്ക്ക് തീ പിടിച്ചു
നാദാപുരം: തൂണേരി പഞ്ചായത്തിലെ ആവടി മുക്കില്‍ ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയ്ക്ക് തീ പിടിച്ചു. നാദാപുരം പാറക്കടവ് റോഡില്‍ ഇന്നലെ ഉച്ചയ്ക്ക് രണ്ടു മണിക്കായിരുന്നു സംഭവം. ആവടി മുക്കിലെ വീട്ടില്‍ പെയിന്റിംഗ് ജോലി കഴിഞ്ഞ് നാദാപുരം ഭാഗത്തേക്ക് പോവുകയായിരുന്ന തൊഴിലാളികള്‍ ഓട്ടോ ഡ്രൈവറോടൊപ്പം ഓട്ടോറിക്ഷയില്‍ ഉണ്ടായിരുന്നു.
പെയിന്റ്, ഫൈബര്‍ ഷീറ്റ് മുതലായവയും ഓട്ടോയില്‍ കയറ്റിയിരുന്നു. ഓടുന്നതിനിടയില്‍ ഓട്ടോയില്‍ നിന്ന് പുക ഉയരുന്നത് കണ്ട ഡ്രൈവര്‍ ഓട്ടോ നിര്‍ത്തുകയും എല്ലാവരും ഓടിമാറുകയും ചെയ്തതിനാല്‍ പൊള്ളലേല്‍ക്കാതെ രക്ഷപ്പെട്ടു. ചേലക്കാട് നിന്ന് ഫയര്‍ ഫോഴ്സ് സ്ഥലത്തെത്തിയെങ്കിലും ഓടിക്കൂടിയ നാട്ടുകാര്‍ തീ അണച്ചിരുന്നു. ഓട്ടോ പൂര്‍ണമായും കത്തി നശിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീ പിടുത്തത്തിനു കാരണമെന്ന് ഓട്ടോ ഡ്രൈവര്‍ പറഞ്ഞു.