KOYILANDY DIARY.COM

The Perfect News Portal

അമ്പലക്കുളങ്ങരയില്‍ കാറിന് തീപിടിച്ച്‌ ഒരാള്‍ മരിച്ചു

നാദാപുരം: ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ച്‌ റിട്ട. അദ്ധ്യാപകന്‍ വെന്തുമരിച്ചു. ഇന്ന് പുലര്‍ച്ചെ നാലുമണിയോടെയായിരുന്നു സംഭവം. നാദാപുരം കൈവേലി നരിപ്പറ്റ സ്വദേശി മണിയൂര്‍ താഴെ കൊയ്യാലേമ്മല്‍ നാണു (59) ആണ് മരിച്ചത്. എസ്.എന്‍.ഡി.പി യോഗം മണിയൂര്‍ താഴെ ശാഖ പ്രസിഡന്റാണ് നാണു. നാദാപുരം കല്ലാച്ചിക്ക് സമീപം വട്ടോളി അമ്പലകുളങ്ങര സംസ്ഥാന പാതയില്‍ കാര്‍ കത്തുന്നത് ശ്രദ്ധയില്‍പ്പെട്ടയുടനെ നാട്ടുകാരാണ് ഫയര്‍ഫോഴ്സിലും പൊലീസിലും വിവരം അറിയിച്ചത്. ചൂടുകാരണം നാട്ടുകാര്‍ക്ക് അടുത്തേക്ക് പോകാനായില്ല. എന്നാല്‍ ഫയര്‍ഫോഴ്സ് എത്തുമ്പോഴേക്കും കാര്‍ കത്തി നശിച്ചിരുന്നു. ഡ്രൈവിംഗ് സീറ്റില്‍ കത്തിക്കരിഞ്ഞ നിലയില്‍ അദ്ധ്യാപകനെ കണ്ടെത്തുകയായിരുന്നു.

പുലര്‍ച്ചെ മകനെ ആശുപത്രിയില്‍ കാണിക്കുന്നതിന് വേണ്ടി ടോക്കണെടുക്കാനാണ് നാണു വീട്ടില്‍ നിന്ന് കാറുമായി പുറത്തിറങ്ങിയതെന്ന് പറയുന്നു. കഷ്ടിച്ച്‌ ഒരു കിലോമീറ്റര്‍ എത്തിയപ്പോഴാണ് സംഭവം. പുലര്‍ച്ചെയായതിനാല്‍ റോഡില്‍ ആരുമുണ്ടായിരുന്നില്ല. അപകട കാരണം വ്യക്തമായിട്ടില്ല. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് സി.ഐ സുനില്‍കുമാര്‍ പറഞ്ഞു. വിദഗ്ധ പരിശോധനയ്ക്കും പോസ്റ്റ്‌മോര്‍ട്ടത്തിനും ശേഷം മാത്രമേ അപകട കാരണം വ്യക്തമാകൂ എന്നും സി.ഐ പറഞ്ഞു.

സി.ഐയുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റ്‌മോര്‍ട്ടത്തിന് വേണ്ടി മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. സുജാതയാണ് ഭാര്യ. ഫോറന്‍സിക് വിദഗ്ധര്‍ പരിശോധനയ്ക്ക് എത്തുന്നുണ്ട്. നാണു മാസ്റ്ററുടെ വിയോഗത്തില്‍ ബി.ഡി.ജെ.എസ് സംസ്ഥാന സെക്രട്ടറി ബാബു പൂതംപാറ അനുശോചിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!