KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടിയിൽ ആക്രിക്കടയിൽ വാക്കു തർക്കത്തെ തുടർന്ന് കുത്തേറ്റ് 3 പേർക്ക് പരിക്കേറ്റു

കൊയിലാണ്ടി: കൊയിലാണ്ടി പഴയ ചിത്ര ടാക്കീസിനു സമീപത്തുള്ള ആക്രിക്കടയിൽ വാക്കു തർക്കത്തെ തുടർന്ന് കുത്തേറ്റ് 3 പേർക്ക് പരിക്കേറ്റു. കട നടത്തുന്ന തിരുനെൽവേലി സ്വദേശി മുത്തു കുമാർ, കടയിലുള്ള തിരൂർ സ്വദേശി മണികണ്ഠൻ, ശരവണൻ എന്നിവർക്കാണ് പരിക്കേറ്റത്. ഉടമസ്ഥൻ മുത്തു കുമാറിന് സാരമായി പരിക്കേറ്റിട്ടുണ്ട്. പഴയ ബൈക്ക് വിൽപ്പനയെ ചൊല്ലിയുണ്ടായ വാക്കുതർക്കമാണ് ആക്രമണത്തിൽ കലാശിച്ചതെന്നറിയുന്നു. ഇന്ന് വൈകീട്ട് മൂന്നംഗ സംഘം പഴയ സ്കൂട്ടർ തുക ഉറപ്പിച്ച് കച്ചവടം നടത്തി തിരികെ പോയതായിരുന്നു എന്നാണ് അറിയുന്നത്.

രാത്രി 9.15 മണി കഴിഞ്ഞ് ഇവർ വീണ്ടും വരികയായിരുന്നു. അപ്പോഴേക്കും സ്കൂട്ടർ പകുതിയിലേറെ പൊളിച്ചു മാറ്റുകയും ചെയ്തു. തന്ന പണം പോര എന്ന് പറഞ്ഞ് ഇവർ കടക്കാരനോട് ബഹളം വെക്കുകയും അടിപിടിയിൽ കലാശിക്കുകയുമായിരുന്നു. അതിനിടെ കൂട്ടത്തിലുള്ള ഒരാൾ കത്തിയെടുത്ത് മുത്തുകുമാറിനെ കുത്തി പരിക്കേൽപ്പിച്ചു. തലക്കും ചെവിയുടെ ഭാഗത്തുമാണ് പരിക്ക്. പിടിച്ചുമാറ്റാനുള്ള ശ്രമത്തിൽ കടയിലെ മറ്റ് രണ്ടു പേർക്കും അക്രമത്തിൽ പരിക്കേൽക്കുകയായിരുന്നു. കുത്തേറ്റ് പരിക്കേറ്റവരെ നാട്ടുകാർ ചേർന്ന് കൊയിലാണ്ടി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. സാരമായ പരിക്കേറ്റതിനാൽ ഇവരെ മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്തിരിക്കുകയാണ്. സംഭവത്തിന് ശേഷം ആക്രമികൾ ഓടി രക്ഷപ്പെട്ടു. കൊയിലാണ്ടി പൊലീസ് സഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Share news
error: Content is protected !!