KOYILANDY DIARY

The Perfect News Portal

ആലപ്പുഴയിലെ 5 പേരുടെ മരണം ലോറി ഡ്രൈവറെയും ക്ലീനറെയും കസ്റ്റഡിയിലെടുത്തു

ആലപ്പുഴ ദേശീയ പാതയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ച് പേര്‍ മരിച്ച സംഭവത്തില്‍ ലോറി ഡ്രൈവറെയും ക്ലീനറെയും അമ്പലപ്പുഴ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ വിശദമായി ചോദ്യം ചെയ്യും. അപകടത്തിന്റെ കാരണം എന്താണെന്ന് ഇപ്പോഴും വ്യക്തമായിട്ടില്ല. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ കൂടി പരിശോധിച്ച ശേഷമേ പ്രാഥമിക വിലയിരുത്തലിലേക്ക് പൊലീസ് എത്തൂ. നിലവില്‍ മോട്ടോര്‍ വാഹന വകുപ്പ് വാഹനങ്ങള്‍ വിശദമായി പരിശോധിക്കുകയാണ്

ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു അപകടം. അമ്പലപ്പുഴ കാക്കാഴം മേല്‍പ്പാലത്തില്‍ കാറും ലോറിയും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. ആലത്തൂരില്‍ നിന്ന് എറണാകുളത്തേക്ക് വരുന്ന കാറും തിരുവനന്തപുരത്തേക്ക് പോകുന്ന ലോറിയുമാണ് അപകടത്തില്‍പ്പെട്ടത്.

റോഡിലെ വളവ് കാഴ്ചയെ മറച്ചിരിക്കാം, ഇവിടെ വാഹനമോടിച്ചയാളുടെ അശ്രദ്ധയായിരിക്കാം അപകടകാരണമെന്ന് പ്രാഥമികമായി സംശയിക്കുന്നതായി രക്ഷാപ്രവര്‍ത്തനം നടത്തിയ ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥന്‍ ബദറുദ്ദീന്‍ പറഞ്ഞു. നേരത്തെയും നിരവധി അപകടങ്ങള്‍ ഉണ്ടായിട്ടുള്ള സ്ഥലമാണിതെന്ന് പി പി ചിത്തരഞ്ജന്‍ എംഎല്‍എയും പ്രതികരിച്ചു. അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ എസ് സുരേഷും സംഭവസ്ഥലത്തുണ്ടായിരുന്നു.

Advertisements