ട്രെയിനിൽ നിന്ന് വീണു മരിച്ച പയ്യോളി സ്വദേശിയുടെ ഖബറടക്കം ഇന്ന് നടക്കും
ട്രെയിനിൽ നിന്ന് വീണു മരിച്ച പയ്യോളി സ്വദേശിയുടെ ഖബറടക്കം ഇന്ന് നടക്കും. പയ്യോളി സ്വദേശി പട്ടേരി റയീസ് (34) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം ഇന്ന് 11 മണിയോടുകൂടി വിട്ടുകിട്ടും. ഇന്നലെ രാത്രി എട്ടരയോടെയാണ് മംഗളൂരു – ചെന്നൈ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ്സിൽ യാത്രാമധ്യേ അരങ്ങാടത്തിനും ചെങ്ങോട്ടുകാവിനുമിടയിലുള്ള സ്ഥലത്ത് യുവാവ് തെറിച്ച് വീണാണ് അപകടം ഉണ്ടായത്.
കൂടെ യാത്ര ചെയ്ത സുഹൃത്താണ് യുവാവ് പുറത്തേക്ക് തെറിച്ചുവീണ വിവരം അറിയിച്ചതോടെ യാത്രക്കാർ അപായ ചങ്ങല വലിച്ച് ട്രെയിൻ നിർത്തിക്കുകയായിരുന്നു. യുവാവിനെ കണ്ടെത്താനായി ഗാർഡും സഹയാത്രികരും വിവരമറിഞ്ഞ് എത്തിയ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിനൊടുവിൽ പാളത്തിന് ഇടയിൽ റഹീസ് അതീവ ഗുരുതരമായി പരിക്കേറ്റു കിടക്കുകയായിരുന്നു.
അഗ്നിരക്ഷാസേനയുടെ ആംബുലൻസിൽ റഹീസിനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ജോലി ആവശ്യത്തിനുവേണ്ടി രേഖകൾ തയ്യാറാക്കാൻ ചെന്നൈയിലേക്ക് പോകുകയായി രുന്നു. പട്ടേരി റസാക്കിൻ്റെയും ജമീലയുടെയും മകനാണ്. ഭാര്യ: ആയിഷ. ഒന്നര വയസുള്ള മകനുണ്ട്. സഹോദരങ്ങൾ: റമീസ്, റജീസ്.