KOYILANDY DIARY

The Perfect News Portal

ക്ലാസ് മുറിയില്‍ തെരുവുനായയുടെ ആക്രമണം; ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് കടിയേറ്റു

പാലക്കാട്: മണ്ണാര്‍ക്കാട് കോട്ടോപാടത്ത് ക്ലാസ് മുറിയില്‍ തെരുവുനായയുടെ ആക്രമണം. ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് കടിയേറ്റു. കോട്ടോപാടം സ്വദേശിനിയായ മെഹ്‌റയ്ക്കാണ് കടിയേറ്റത്. കല്ലടി അബ്ദുഹാജി ഹൈസ്‌കൂളില്‍ ക്ലാസ് നടക്കുന്നതിനിടെയാണ് സംഭവം. കുട്ടിയുടെ ഇടുപ്പിനാണ് കടിയേറ്റത്. 

തിങ്കളാഴ്ച രാവിലെ 10.30-ന് സ്‌കൂളില്‍ ആദ്യ പിരീഡ് നടക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്. പേപ്പട്ടിയാണ് ആക്രമിച്ചതെന്നാണ് വിവരം. ക്ലാസ് മുറിയിലേക്ക് ഓടിക്കയറിയ നായ മുന്‍സീറ്റിലിരുന്ന മെഹ്‌റയെ കടിക്കുകയായിരുന്നു. അധ്യാപികയുടെ ഇടപെടല്‍ കാരണമാണ് കൂടുതല്‍ പരിക്കുകളില്ലാതെ കുട്ടി രക്ഷപ്പെട്ടത്. ജില്ലാ ആശുപത്രിയില്‍ ചികിത്സയിലുള്ള കുട്ടി നിരീക്ഷണത്തില്‍ തുടരുകയാണ്. 

കഴിഞ്ഞ രണ്ടാഴ്ചയോളമായി സ്‌കൂള്‍ പരിസരത്ത് നായയുടെ ശല്യമുണ്ടെന്ന് കുട്ടിയുടെ പിതാവ് പറഞ്ഞു. പേപിടിച്ച ഒരു നായ ഓടിനടക്കുന്നതായി വാര്‍ത്ത പരന്നതോടെ പ്രദേശത്ത് പരിഭ്രാന്തി പരന്നിരുന്നു. അതുകൊണ്ട് സാധാരണ നടന്ന് സ്‌കൂളില്‍ പോകുന്ന മകളെ കാറിലാണ് ഇന്ന് സ്‌കൂളില്‍ കൊണ്ടുവിട്ടതെന്നും പിതാവ് പറഞ്ഞു. മെഹ്‌റയെ കടിച്ചതു കൂടാതെ സമീപവാസികളായ നാലുപേരെകൂടി പട്ടി കടിച്ചിട്ടുണ്ടെന്നാണ് വിവരം. 

Advertisements