‘കുടുംബശ്രീ അറ്റ് ക്യാമ്പസ്’ പദ്ധതിക്ക് തുടക്കമായി
.
കോഴിക്കോട്: വിദ്യാര്‍ത്ഥിനികള്‍ക്ക് പഠനത്തോടൊപ്പം വരുമാനവും സംരംഭകത്വ വൈദഗ്ധ്യവും ഉറപ്പാക്കുന്ന ‘കുടുംബശ്രീ അറ്റ് ക്യാമ്പസ്’ പദ്ധതിക്ക് തുടക്കമായി. കോഴിക്കോട് ബീച്ചിൽ നടന്ന ചടങ്ങ് മന്ത്രി കെ എം ഷാജി ഉദ്‌ഘാടനം ചെയ്തു. കലിക്കറ്റ് സര്‍വകലാശാലയ്ക്കു കീഴിലെ 27 കോളേജുകളില്‍ നിന്നായി 200-ല്‍ അധികം വിദ്യാര്‍ത്ഥിനികൾ പങ്കെടുത്തു.

പരിപാടിയുടെ ഭാഗമായി മന്ത്രിക്കൊപ്പം ബീച്ച് വാക്കും പ്രഭാത ഭക്ഷണവുമുണ്ടായി. മന്ത്രി വിദ്യാര്‍ത്ഥികളുമായി ആശയസംവാദം നടത്തി. മേയര്‍ ഒ. സദാശിവന്‍, കൗണ്‍സിലര്‍മാരായ സൗഫിയ, ടി പി എം ജിഷാന്‍, സഫറി വെള്ളയില്‍, കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ വി. വിഘ്‌നേശ്വരി, അസി. കലക്ടർ മാളവിക ജി നായര്‍, സെന്‍ട്രല്‍ സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ജാസ്മിന്‍, കലിക്കറ്റ് സർവകലാശാല യൂണിയന്‍ വൈസ് പ്രസിഡണ്ട് നീരജ എന്നിവര്‍ സംസാരിച്ചു.

ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജുകളിലെയും പ്രൊഫഷണല്‍ കോളേജുകളിലെയും വിദ്യാര്‍ത്ഥിനികള്‍ക്ക് പഠനത്തോടൊപ്പം തൊഴില്‍ നൈപുണ്യം നേടാനും സംരംഭങ്ങളിലൂടെ വരുമാനം കണ്ടെത്താനും അവസരമൊരുക്കുന്നതാണ് കുടുബശ്രീ അറ്റ് ക്യാംപസ് പദ്ധതി. ക്രിയേറ്റീവ് മേഖല, ഉല്‍പാദന -സേവന മേഖല, ഐടി ആന്‍ഡ് ടെക്‌നോളജി മേഖലകളിൽ പദ്ധതിയുടെ ഭാഗമായി സംരംഭക പിന്തുണ ലഭ്യമാക്കും.




