KOYILANDY DIARY.COM

The Perfect News Portal

ഹെല്‍മറ്റ് ധരിക്കാത്തതിന് സ്‌കൂട്ടര്‍ തടഞ്ഞുനിര്‍ത്തി; ബെംഗളൂരുവില്‍ ട്രാഫിക് പൊലീസിനെ കടിച്ചുപരിക്കേല്‍പ്പിച്ച് യുവാവ്

ബംഗളൂരു: ബംഗളൂരുവില്‍ ട്രാഫിക് പൊലീസിന്റെ വിരലുകളില്‍ കടിച്ച് പരിക്കേല്‍പ്പിച്ച് ബൈക്ക് യാത്രികനായ യുവാവ്. ഹെല്‍മറ്റ് ധരിക്കാത്തതിനെ തുടര്‍ന്ന് വാഹനം തടഞ്ഞുനിര്‍ത്തി താക്കോല്‍ ഊരിയെടുത്തതിനാലാണ് യുവാവ് ട്രാഫിക് പൊലീസിനോട് ആക്രോശിക്കുകയും തുടര്‍ന്ന് കടിക്കുകയും ചെയ്തത്. ബംഗളൂരുവിലെ വില്‍സണ്‍ ഗാര്‍ഡന്‍ ടെന്‍ത് ക്രോസിലാണ് സംഭവം. കര്‍ണാടക സ്വദേശിയായ സെയ്ദ് ഷാഫിക്കെതിരെ പൊലീസ് കേസെടുത്തു.

യുവാവ് ഉദ്യോഗസ്ഥനെ ആക്രമിക്കുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാണ്. ആക്രമണമേറ്റ പൊലീസുകാരന്റെ ഒപ്പമുണ്ടായിരുന്ന ഹെഡ് കോണ്‍സ്റ്റബിള്‍ സിദ്ധരാമേശ്വര കൗജാലഗിയാണ് ഈ ദൃശ്യം പകര്‍ത്തിയത്. ഉദ്യോഗസ്ഥര്‍ ഊരിയെടുത്ത സ്‌കൂട്ടറിന്റെ താക്കോല്‍ തിരിച്ചുനല്‍കണമെന്ന് പറഞ്ഞാണ് കടിച്ചത്. ഇയാള്‍ പൊലീസിനോട് ആക്രോശിക്കുന്നതും ഉദ്യോഗസ്ഥനെ ആക്രമിക്കുന്നതും പുറത്തുവന്ന ദൃശ്യത്തില്‍ വ്യക്തമാണ്.

 

അത്യാവശ്യമായി ആശുപത്രിയിലേക്ക് സഞ്ചരിക്കവെ ഹെല്‍മറ്റ് എടുക്കാന്‍ മറന്നെന്നും ഈ സാഹചര്യത്തിലാണ് തന്നെ പൊലീസ് പിടികൂടിയതെന്നുമാണ് പ്രതിയുടെ വാദം. ആക്രമിച്ചതിന് പുറമെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനെതിരെയുള്ള വകുപ്പുകള്‍ കൂടെ ചേര്‍ത്താണ് പൊലീസ് കേസെടുത്തത്. വീഡിയോ സാമൂഹ്യമാധ്യമങ്ങളിലൂടെ വന്‍തോതില്‍ പ്രചരിച്ചതോടെ നിരവധി പേരാണ് യുവാവിനെതിരെ രംഗത്തെത്തിയത്.

Advertisements

 

Share news
error: Content is protected !!