KOYILANDY DIARY.COM

The Perfect News Portal

‘കേരള സ്റ്റോറി2’വിൽനിന്ന് ‘കേരള’ ഒഴിവാക്കണം; ആവശ്യവുമായി പൊതുതാല്പര്യ ഹർജി

.

കൊച്ചി: വിവാദ ചിത്രം ‘കേരള സ്റ്റോറി 2 ബിയോണ്ട്’ എന്ന സിനിമയുടെ പേരിൽനിന്ന് ‘കേരള’ എന്നത് നീക്കണമെന്ന ആവശ്യവുമായി പൊതുതാൽപര്യ ഹർജി. യുവതികളെ നിർബന്ധിത മതപരിവർത്തനത്തിനും തീവ്രവാദങ്ങൾക്കുമായി ഉപയോഗിക്കുന്നുവെന്ന വിവാദ കഥ പറയുന്ന ചിത്രത്തിന്റെ പേരിൽ നിന്ന് ‘കേരള’ എന്നത് നീക്കാൻ ഉത്തരവിടണമെന്നും സാങ്കൽപിക കഥയാണെന്ന് എഴുതികാണിക്കണമെന്നും ആവശ്യപ്പെട്ടാണ് ഹൈക്കോടതിയിൽ പൊതുതാല്പര്യ ഹർജി എത്തിയത്. കെ സി ചന്ദ്രമോഹനൻ അടക്കമുള്ളവരാണ് ഹർജിക്കാർ. ഹർജി അടുത്ത ദിവസം കോടതിയുടെ പരിഗണനയിൽ വരും.

 

വിവാദങ്ങൾക്കിടെ ചിത്രം റിലീസ് ചെയ്തെങ്കിലും പലയിടത്തും കാണാൻ ആളില്ലാത്തതിനാൽ ഷോ റദ്ദാക്കിയിരുന്നു. സിനിമയുടെ പ്രദര്‍ശനത്തിനെതിരെ ഫ്രെഡി ഫ്രാന്‍സിസ്, ശ്രീദേവ് നമ്പൂതിരി എന്നിവർ നൽകിയ ഹർജിയിൽ ആദ്യം ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ച് റിലീസ് തടഞ്ഞ് ഇടക്കാല ഉത്തരവ് ഇറക്കിയെങ്കിലും ഇതിനെതിരെ സിനിമയുടെ നിര്‍മാതാക്കള്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കുകയും തുടർന്ന് ചിത്രത്തിന് പ്രദർശനാനുമതി നൽകുകയുമായിരുന്നു.

Advertisements

 

അതേസമയം ചിത്രത്തിന്‍റെ പ്രദർശനവിലക്ക് തുടരുന്നതിനിടെ കോടതി ഉത്തരവ് മറികടന്ന് നിർമാതാക്കൾ സിനിമയുടെ ടിക്കറ്റ് വില്പന നടത്തിയതിലും കോടതിയലക്ഷ്യ പരാതി ഉണ്ടായിരുന്നു. ചിത്രത്തിനെതിരെ കടുത്ത വിമർശനം ഉയരുകയും മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവർ രംഗത്ത് വരികയും ചെയ്തിരുന്നു. കേരളത്തെ അപമാനിക്കുന്നതും അപകീർത്തിപ്പെടുത്തുന്നതുമാണ് സിനിമ എന്നതായിരുന്നു പ്രധാന വിമർശനം. എന്നാൽ ചിത്രം കേരളത്തെ കുറിച്ചല്ല പറയുന്നതെന്നായിരുന്നു അണിയറ പ്രവർത്തകരുടെ വാദം.

Share news
error: Content is protected !!