KOYILANDY DIARY

The Perfect News Portal

ബൈക്കിലെത്തി സ്ത്രീകളെയും വയോധികരെയും കൊള്ളയടിക്കുന്ന  രണ്ടംഗ സംഘത്തിലെ ഒരാൾ അറസ്റ്റിൽ.

തിരുവനന്തപുരം: ബൈക്കിലെത്തി സ്ത്രീകളെയും വയോധികരെയും കൊള്ളയടിക്കുന്ന രണ്ടംഗ സംഘത്തിലെ ഒരാൾ അറസ്റ്റിൽ. വിഴിഞ്ഞം കാഞ്ഞിരംകുളം സ്റ്റേഷൻ അതിർത്തികളിൽ നിന്നായി മൂന്ന് പേരെയാണ് ഒരാഴ്ചക്കുള്ളിൽ സംഘം കൊള്ളയടിച്ചത്. കരിംകുളം പുതിയതുറ പുരയിടം വീട്ടിൽ ഷാജി (19) യെയാണ് കാഞ്ഞിരംകുളം സി. ഐ. അജി ചന്ദ്രൻ നായരുടെ നേതൃത്വത്തിലുള്ള പൊലീസ് പിടികൂടിയത്.

കഴിഞ്ഞ ബുധനാഴ്ച രാവിലെ കരിച്ചൽ ചാവടി സ്വദേശി ഉഷയുടെ കൈയ്യിൽ നിന്നും 2500 രൂപയും മൊബൈൽ ഫോണുമടങ്ങിയ പഴ്സ് സംഘം തട്ടിപ്പറിച്ച് കടന്നുകളഞ്ഞു. ഇതിൻ്റെ അന്വേഷണത്തിനിടെ വെള്ളിയാഴ്ച വയോധികനായ കരിച്ചൽ സ്വദേശി സാമുവലിനെയും ഇതേ രീതിയിൽ കൊള്ളയടിച്ചു. തിങ്കളാഴ്ച വിഴിഞ്ഞം കോട്ടുകാൽ പുന്നവിള മാവിള വീട്ടിൽ യശോധയുടെ ബാങ്കിൽ നിന്ന് വീണ്ടെടുത്ത പണയാഭരണമായ നാല് പവനും ഒൻപതിനായിരം രൂപയും മൊബൈൽ ഫോണുമടങ്ങിയ പഴ്സും സംഘം തട്ടിപ്പറിച്ചു.

ഇതോടെ സംഘത്തിനായുള്ള തിരച്ചിൽ പൊലീസ് കൂടുതൽ ഊർജിതമാക്കി. തുടർന്ന് കാഞ്ഞിരംകുളം പൊലീസ് നടത്തിയ തിരച്ചിലിൽ സംശയകരമായിക്കണ്ട പ്രതികളെ അക്രമത്തിനിരയായ ഒരാൾ തിരിച്ചറിഞ്ഞു. തുടർന്ന് ഷാജിയെ പിടികൂടി നടത്തിയ ചോദ്യം ചെയ്യലിലാണ് വിഴിഞ്ഞം ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ നടന്ന മോഷണങ്ങളുടെ വിവരങ്ങൾ പോലീസിന് ലഭിച്ചത്.

Advertisements

പ്രത്യേകിച്ച് ജോലിക്ക് ഒന്നും പോകാത്ത ഷാജിക്ക് ഓരോ മോഷണങ്ങൾക്കും ആയിരം രൂപ വീതം പ്രതിഫലം നൽകിയിരുന്നതായും ഒന്നാം പ്രതിക്കായുള്ള തിരച്ചിൽ ഊർജിതമാക്കിയതായും പൊലീസ് അറിയിച്ചു.