KOYILANDY DIARY.COM

The Perfect News Portal

ക്രമക്കേട് കണ്ടെത്തിയാല്‍ നീറ്റ് പരീക്ഷ റദ്ദാക്കും; നീറ്റിലെ കൂട്ട റാങ്കില്‍ സി.ബി.ഐ അന്വേഷണം തുടങ്ങി

തിരുവനന്തപുരം: ക്രമക്കേട് കണ്ടെത്തിയാല്‍ നീറ്റ് പരീക്ഷ റദ്ദാക്കും. നീറ്റിലെ കൂട്ട റാങ്കില്‍ സി.ബി.ഐ അന്വേഷണം തുടങ്ങി. നീറ്റ് പരീക്ഷയിലെ മാര്‍ക്ക് വിവാദത്തില്‍ ചോദ്യ പേപ്പര്‍ ചോര്‍ന്നോ എന്നതിലടക്കം സി.ബി.ഐ പ്രാഥമിക അന്വേഷണം ആരംഭിച്ചു. ക്രമക്കേട് കണ്ടെത്തിയാല്‍ കേസെടുക്കും. പരീക്ഷ റദ്ദാക്കാനും സാധ്യതയുണ്ട്.
പരീക്ഷയിൽ 67 പേര്‍ക്ക് മുഴുവന്‍ മാര്‍ക്ക് (720) ലഭിച്ചതില്‍ ഉള്‍പ്പെടെ വന്‍ വിമര്‍ശനമുയര്‍ന്നതോടെ നാഷണല്‍ മെഡിക്കല്‍ കമ്മിഷന്റെ ആവശ്യ 
പ്രകാരമാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. കമ്മിഷനും അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്. നീറ്റ് പരീക്ഷയിൽ ചരിത്രത്തിലാദ്യമായാണ് മുഴുവന്‍ മാര്‍ക്കോടെ ഇത്രയും പേര്‍ ഒന്നാംറാങ്ക് കരസ്ഥമാക്കുന്നത്.
കേരളത്തില്‍ നിന്ന് നാലും തമിഴ്‌നാട്ടില്‍ എട്ടും രാജസ്ഥാനിലെ കോട്ടയില്‍ ഒരു കോച്ചിങ് സെന്ററില്‍ പഠിച്ച പത്ത് പേര്‍ക്കും ഉള്‍പ്പെടെ ഒന്നാം റാങ്കുണ്ട്. ആറ് പേര്‍ ഹരിയാനയില്‍ നിന്നുള്ളവരും ഒരേ സെന്ററില്‍ ഒരേ ഹാളില്‍ അടുത്തടുത്ത സീറ്റ് നമ്പര്‍ പ്രകാരം പരീക്ഷ എഴുതിയവരുമാണ്. 2020 ല്‍ രണ്ട്, 2021 ല്‍ മൂന്ന്, 2023 ല്‍ രണ്ട് പേര്‍ക്കുമായിരുന്നു 715 മാര്‍ക്കോടെ ഒന്നാം റാങ്ക്. ഇക്കുറി കേരളത്തില്‍ 700 ലേറെ മാര്‍ക്കുള്ള മുന്നൂറോളം പേരുണ്ട്.
675-700 നുമിടയില്‍ രണ്ടായിരം പേര്‍. 650 ലേറെ മാര്‍ക്കുള്ള മൂവായിരം പേര്‍. കൂടുതല്‍ റാങ്കുകാര്‍ വന്നത് അസ്വാഭാവികമാണെന്നും പരീക്ഷയില്‍ ക്രമക്കേടുണ്ടായെന്നും കാട്ടി നിരവധി പരാതികള്‍ കമ്മിഷന് ലഭിച്ചു. ഇവ സി.ബി.ഐയ്ക്ക് കൈമാറും. നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയാണ് (എന്‍.ടി.എ) പരീക്ഷ നടത്തുന്നതെങ്കിലും മെഡിക്കല്‍ കമ്മിഷന്റെ അനുമതിയോടെയാണ് ഫലം പ്രസിദ്ധീകരിച്ചിരുന്നത്.
Share news
error: Content is protected !!