KOYILANDY DIARY

The Perfect News Portal

സൈനികൻ വൈശാഖിനു നാടിൻ്റെ അന്ത്യാ‍ഞ്ജലി

പാലക്കാട്: സിക്കിമിൽ ട്രക്ക് അപകടത്തിൽ മരിച്ച സൈനികൻ വൈശാഖിനു നാടിൻ്റെ അന്ത്യാ‍ഞ്ജലി. മാത്തൂർ ചെങ്ങണിയൂർക്കാവ് പുത്തൻവീട്ടിൽ സഹദേവൻ്റെയും വിജയകുമാരിയുടെയും മകൻ വൈശാഖിൻ്റെ (27) മൃതദേഹം 25നു രാത്രി ഒൻപതരയോടെ വീട്ടിലെത്തിച്ചു.

ഇന്നലെ രാവിലെ സൈനിക വാഹനത്തിൽ മാത്തൂർ ചുങ്കമന്ദം എ.യു.പി സ്‌കൂളിൽ പൊതുദർശനത്തിനു ശേഷം തിരുവില്വാമല പാമ്പാടി ഐവർമഠം ശ്മശാനത്തിൽ സംസ്‌കാരം നടത്തി. മുഖ്യമന്ത്രിക്കു വേണ്ടി മന്ത്രി എം. ബി. രാജേഷും ജില്ലാ കലക്ടർക്കു വേണ്ടി എ.ഡി.എം. കെ.മണികണ്ഠനും വാളയാർ അതിർത്തിയിൽ ആദരാഞ്ജലി അർപ്പിച്ചു. വൈകിട്ട് സ്പീക്കർ എൻ. എം. ഷംസീർ വൈശാഖിൻ്റെ വസതിയിലെത്തി.

കഴിഞ്ഞ 23 നാണ് വടക്കൻ സിക്കിമിലെ സേമയിൽ സൈനിക ട്രക്ക് നിയന്ത്രണം തെറ്റി താഴ്ചയിലേക്കു മറിഞ്ഞ് വൈശാഖ് ഉൾപ്പെടെ 16 പേർ മരിച്ചത്. രണ്ടരമാസം മുൻപു പഞ്ചാബിൽ നിന്നു സിക്കിമിലേക്കു സ്ഥലംമാറ്റം കിട്ടിയപ്പോഴാണു വൈശാഖ് അവസാനമായി നാട്ടിലെത്തിയത്. പഞ്ചാബിൽ നിന്നു കുടുംബത്തോടൊപ്പം നാട്ടിലെത്തിയ വൈശാഖ് മകൻ്റെ ഒന്നാം പിറന്നാളും ഓണവും ആഘോഷിച്ച ശേഷമാണ് അന്നു മടങ്ങിയത്.

Advertisements