KOYILANDY DIARY.COM

The Perfect News Portal

ദുരിതാശ്വാസ പ്രവർത്തനത്തിന് ഉപയോഗിച്ച ഓഫ് റോഡ് വാഹനത്തിന് പിഴയിട്ടു; MVD ഉദ്യോഗസ്ഥന് സസ്പെൻഷൻ

.

പത്തനംതിട്ട: പത്തനംതിട്ടയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് ഉപയോഗിച്ച ഓഫ് റോഡ് വാഹനത്തിന് പിഴ ചുമത്തിയെന്ന പരാതിയില്‍ എംവിഡി ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍. അടൂര്‍ എംവിഡി സ്‌ക്വാഡ് ഉദ്യോഗസ്ഥനെയാണ് സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്. പൊലൂഷന്‍ സര്‍ട്ടിഫിക്കറ്റ് ഇല്ല, നിയമവിരുദ്ധ ലൈറ്റുകള്‍ ഉപയോഗിച്ചു എന്നതിന്റെ പേരിലാണ് പിഴ ചുമത്തിയത്. വിവാദമായതോടെ ഗതാഗത വകുപ്പ് മന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് സസ്പെന്‍ഷന്‍.

 

7000 രൂപയായിരുന്നു രണ്ട് നിയമലംഘനങ്ങള്‍ക്ക് പിഴ ചുമത്തിയിരുന്നത്. പിഴ ഈടാക്കിയതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. അബിന്‍ വര്‍ക്കി എംഎല്‍എയുടെ നേതൃത്വത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പിഴ തുക പിരിച്ചെടുത്ത് വാഹന ഉടമയ്ക്ക് നല്‍കുകയും തുടര്‍ന്ന് പിഴ അടച്ച് തീര്‍ക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ഗതാഗത വകുപ്പിന്റെ നടപടി ഉണ്ടായിരിക്കുന്നത്.

 

അടൂര്‍ ബൈപ്പാസില്‍ നടന്ന പതിവ് വാഹന പരിശോധനയ്ക്കിടെയാണ് പ്രളയ മേഖലയില്‍ രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിച്ചിരുന്ന വാഹനം ഉദ്യോഗസ്ഥന്‍ പിടികൂടുന്നത്. ആറന്‍മുളയിലെ പ്രളയബാധിത മേഖലകളില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന വാഹനമായിരുന്നു ഇത്. സ്പെയര്‍പാര്‍ട്സ് വാങ്ങാനാണ് അടൂരിലേക്ക് പോയത് എന്നാണ് വാഹന ഉടമയുടെ വിശദീകരണം.

 

Share news
error: Content is protected !!