KOYILANDY DIARY.COM

The Perfect News Portal

സിപിഐഎം സംസ്ഥാന സെക്രട്ടറിയായി എം വി ഗോവിന്ദൻ മാസ്റ്റർ തുടരും.

സിപിഐഎം സംസ്ഥാന സെക്രട്ടറിയായി എം വി ഗോവിന്ദൻ മാസ്റ്റർ തുടരും. ൨൪-ാം പാര്‍ട്ടി കോ​ഗ്രസിന്‍റെ ഭാഗമായി നടന്ന സംസ്ഥാന സമ്മേളനമാണ് അദ്ധേഹത്തെ വീണ്ടും സിപിഎംനെ നയിക്കാന്‍ ചുമതലപ്പെടുത്തുന്നത്.

സംസ്ഥാന സമ്മേളനം 89 അംഗ സംസ്ഥാന കമ്മിറ്റിയെ തെരഞ്ഞെടുത്തിട്ടുണ്ട്. ആർ ബിന്ദു, വി കെ സനോജ്, വി വസീഫ്, എം പ്രകാശൻ മാസ്റ്റർ, എം രാജഗോപാലൻ, എം മെഹബൂബ്, വി പി അനിൽ, കെ വി അബ്ദുൾ ഖാദർ, എം അനിൽകുമാർ, ടി ആർ രഘുനാഥൻ, ഡി കെ മുരളി, കെ റഫീഖ് തുടങ്ങിയവരാണ് സംസ്ഥാന കമ്മിറ്റിയിലെ പുതുമുഖങ്ങൾ.

പിണറായി വിജയന്‍, എം വി ഗോവിന്ദന്‍, ഇ പി ജയരാജന്‍, കെ കെ ശൈലജ, ടി എം തോമസ് ഐസക്, ടി പി രാമകൃഷ്ണന്‍, കെ എന്‍ ബാലഗോപാല്‍, പി രാജീവ്, കെ കെ ജയചന്ദ്രന്‍, വി എന്‍ വാസവന്‍, സജി ചെറിയാന്‍, എം സ്വരാജ്, മുഹമ്മദ് റിയാസ്, പി കെ ബിജു, പുത്തലത്ത് ദിനേശന്‍, എം വി ജയരാജന്‍, സി എന്‍ മോഹനന്‍ എന്നിവരാണ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങള്‍. എംവി ജയരാജൻ , കെ കെ ശൈലജ, സി എൻ മോഹനൻ എന്നിവർ പുതിയ സെക്രട്ടറിയേറ്റ് അംഗങ്ങളാണ്. ഡോ. ജോൺ ബ്രിട്ടാസും ബിജു കണ്ടക്കൈയും സ്ഥിരം അംഗങ്ങളും വീണാ ജോർജ് സംസ്ഥാന കമ്മിറ്റിയിലെ ക്ഷണിതാവും ആയിട്ടുണ്ട്.

Advertisements

വിപ്ലവ ഭൂമിയായ മൊറാഴയുടെ മണ്ണില്‍ നിന്നും പൊളിറ്റ് ബ്യൂറോ വരെ ഉയര്‍ന്ന എം വി ഗോവിന്ദന്‍ മാസ്റ്റര്‍ ആറ് പതിറ്റാണ്ടിന്റെ പൊതു പ്രവര്‍ത്തനത്തിലെ അനുഭ സമ്പത്തുമായാണ് സിപിഐഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് വീണ്ടും തെരഞ്ഞടുക്കപ്പെടുന്നത്. അടിയന്തരാവസ്ഥയില്‍ ഉരുകിത്തെളിഞ്ഞ കമ്മ്യൂണിസ്റ്റ് നേതാവായ എം വി ഗോവിന്ദന്‍ മാസ്റ്റര്‍ എം എല്‍ എ ആയും മന്ത്രിയായും പാര്‍ലമെന്ററി രംഗത്തും മികവ് തെളിയിച്ചു. കമ്മ്യൂണിസ്റ്റ് മൂല്യങ്ങള്‍ ഉയര്‍ത്തി പിടിക്കുന്നതിലെ കാര്‍ക്കശ്യം, അതുല്യമായ സംഘാടന പാടവം, നാട്ടുകാര്‍ക്കിടയിലെ സൗമ്യ സാന്നിധ്യം. കമ്മ്യൂണിസ്റ്റ് കര്‍ഷക പോരാട്ട ഭൂമിയായ മൊറാഴയുടെ സമര പാരമ്പര്യമാണ് എം വി ഗോവിന്ദന്‍ മാസ്റ്റര്‍ എന്ന നേതാവിനെ രൂപപ്പെടുത്തിയത്. ബാലസംഘത്തിലൂടെ പൊതു പ്രവര്‍ത്തനം തുടങ്ങിയ എം വി ഗോവിന്ദന്‍ മാസ്റ്റര്‍ യുവജന, കര്‍ഷക പ്രസ്ഥാനത്തിന്റെ നേതൃനിരയില്‍ നിന്ന് നിരവധി പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കി.

ഡി വൈ എഫ് ഐ യുടെ പ്രഥമ പ്രസിഡന്റും പിന്നീട് സെക്രട്ടറിയുമായി. അടിയന്തരാവസ്ഥകാലത്ത് പാര്‍ട്ടി പ്രവര്‍ത്തനത്തിന്റെ പേരില്‍ കൊടിയ പൊലീസ് പീഡനവും നാല് മാസം ജയില്‍ വാസം അനുഭവിച്ചു. 1970 ല്‍ പാര്‍ട്ടി അംഗത്വത്തില്‍ എത്തിയ എം വി ഗോവിന്ദന്‍ മാസ്റ്റര്‍ 1991 ല്‍ സംസ്ഥാന കമ്മറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2002 മുതല്‍ 2006 വരെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി. 1996 മുതല്‍ 2006 വരെ തളിപ്പറമ്പ എം എല്‍ എ യായിരുന്ന ഗോവിന്ദന്‍ മാസ്റ്റര്‍ പാര്‍ലമെന്ററി രംഗത്തും മികവ് തെളിയിച്ചു. 2006ല്‍ സംസ്ഥാന സെക്രട്ടേറിയേറ്റിലേക്കും 2018 ല്‍ കേന്ദ്ര കമ്മറ്റിയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. തുടര്‍ന്ന് പൊളിറ്റ് ബ്യൂറോ അംഗം. 1996ലും 2001ലും 2021ലും നിയമസഭാ അംഗം. രണ്ടാം പിണറായി മന്ത്രി സഭയിലെ എക്‌സൈസ് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി. 2022ല്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി. നേരത്തെ ദേശാഭിമാനി ചീഫ് എഡിറ്ററായും പ്രവര്‍ത്തിച്ചിട്ടുണ്ട്.