കര്‍ഷക സുരക്ഷ-വന്യജീവി സംഘര്‍ഷ ലഘൂകരണം: സംസ്ഥാനതല കോണ്‍ക്ലേവ് വനം മന്ത്രി ഷിബു ബേബി ജോൺ ഉദ്ഘാടനം ചെയ്തു
.
കോഴിക്കോട്: കര്‍ഷക സുരക്ഷ-വന്യജീവി സംഘര്‍ഷ ലഘൂകരണം: സംസ്ഥാനതല കോണ്‍ക്ലേവ് വനം മന്ത്രി ഷിബു ബേബി ജോൺ ഉദ്ഘാടനം ചെയ്തു. വന്യജീവി ആക്രമണം മൂലമുണ്ടാകുന്ന ജീവഹാനികൾക്കും കൃഷി നാശത്തിനുമുള്ള നഷ്ടപരിഹാര തുകയിൽ 100 ശതമാനം വർധനവ് വരുത്താൻ സർക്കാർ തീരുമാനിച്ചതായി വനം-വന്യജീവി വകുപ്പ് മന്ത്രി ഷിബു ബേബി ജോൺ അറിയിച്ചു. കൃഷി വകുപ്പുമായി സഹകരിച്ച് തിരുവമ്പാടി സേക്രഡ് ഹാർട്ട് ചർച്ച് പാരിഷ് ഹാളിൽ സംഘടിപ്പിച്ച ‘കർഷക സുരക്ഷ – വന്യജീവി സംഘർഷ ലഘൂകരണം’ സംസ്ഥാനതല കോൺക്ലേവ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വന്യജീവി പ്രശ്നം വനം വകുപ്പിന്റെ മാത്രം ഉത്തരവാദിത്തമായി കാണാതെ കൃഷി, റവന്യൂ വകുപ്പുകളുടെ സംയോജിത ഇടപെടലിലൂടെ പരിഹരിക്കുമെന്നും, തദ്ദേശീയ അനുഭവങ്ങളും ആധുനിക സാങ്കേതികവിദ്യകളും കോർത്തിണക്കി കർഷകരുടെ ജീവനും സ്വത്തിനും പൂർണ്ണ സംരക്ഷണം ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ കൃഷി മന്ത്രി ടി. സിദ്ദിഖ് അധ്യക്ഷത വഹിച്ചു. കാർഷിക നാശനഷ്ടങ്ങൾക്കുള്ള ധനസഹായ വിതരണത്തിലെ കാലതാമസം ഒഴിവാക്കാൻ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഷിബു ബേബി ജോൺ പറഞ്ഞു.

മുഖ്യമന്ത്രി, കൃഷി മന്ത്രി, ധനകാര്യ മന്ത്രി എന്നിവരുമായി നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിലാണ് നഷ്ടപരിഹാര തുക ഇരട്ടിയാക്കാൻ തീരുമാനിച്ചത്. ഇതനുസരിച്ച് കുരങ്ങ് ഉൾപ്പെടെയുള്ള വന്യജീവികൾ നശിപ്പിക്കുന്ന ഒരു തേങ്ങയ്ക്ക് 15 രൂപ നിരക്കിലും, കൊക്കോ കൃഷിനാശത്തിന് തടമൊന്നിന് 30 രൂപ നിരക്കിലും നഷ്ടപരിഹാരം നൽകും. എക്കോ സെൻസിറ്റീവ് സോൺ അല്ലെങ്കിൽ ഇ.എഫ്.എൽ നടപടികളുടെ പേരിൽ അർഹമായ നഷ്ടപരിഹാരം നൽകാതെ ഭൂമി ഏറ്റെടുക്കുന്ന രീതി ഇനി അനുവദിക്കില്ലെന്നും തറവില നിശ്ചയിച്ച് അർഹമായ കോമ്പൻസേഷൻ ഉറപ്പാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

വന്യജീവി സംഘർഷ ലഘൂകരണത്തിനായി തടഞ്ഞുനിർത്തൽ (Containment), ആഘാത ലഘൂകരണം (Mitigation), അർഹമായ ധനസഹായം (Compensation) എന്നീ മൂന്നുമുഖ തന്ത്രങ്ങളാണ് സർക്കാർ നടപ്പിലാക്കുന്നത്. ഇതിന്റെ ഭാഗമായി തീവ്ര സംഘർഷ മേഖലകളും 55 മുൻഗണനാ പഞ്ചായത്തുകളും തിരിച്ചറിഞ്ഞ് മൾട്ടി-ലെയർ പ്രതിരോധ സംവിധാനങ്ങൾ ഒരുക്കും. വനമേഖലയോട് ചേർന്ന് ജീവിക്കുന്ന കർഷകർക്ക് അധിക വരുമാനം ഉറപ്പാക്കാൻ ഇക്കോ-ടൂറിസവുമായി ബന്ധപ്പെടുത്തി ‘ഹോം സ്റ്റേ / ബാക്ക് പാക്കിങ്’ പൈലറ്റ് പദ്ധതി ഉടൻ ആരംഭിക്കും. വന്യമൃഗങ്ങൾ നശിപ്പിക്കാത്ത കാർഷിക വിളകളും (ഉദാഹരണത്തിന് ഉയർന്ന കുർക്കുമിൻ അടങ്ങിയ മഞ്ഞൾ കൃഷി) വിപണന സൗകര്യങ്ങളും പ്രോത്സാഹിപ്പിക്കും.

കോൺക്ലേവിൽ എം എൽ എ മാരായ സി കെ കാസിം, വി ടി സൂരജ്, വിദ്യ ബാലകൃഷ്ണൻ, പി കെ ഫിറോസ്, കെ എം അഭിജിത്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബിക മംഗലത്ത്, തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിതിൻ പല്ലാട്ട് എന്നിവരുൾപ്പെടെയുള്ള ജനപ്രതിനിധികളും വനം, കൃഷി വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കുന്നുണ്ട്.

‘കർഷക സുരക്ഷയ്ക്കായുള്ള സർക്കാർ സംരംഭങ്ങൾ -കേരളത്തിലെ വന്യജീവി സംഘർഷ പരിപാലനം’ എന്ന വിഷയത്തിൽ വനംവകുപ്പ് ചീഫ് വൈൽഡ് ലൈഫ് വാർഡൻ പുകഴേന്തിയുടെ ക്ലാസോട് കൂടി സാങ്കേതിക സെക്ഷൻ ആരംഭിച്ചു. വിവിധ സാങ്കേതിക മേഖലകളിലെ പ്രമുഖർ വിഷയവുമായി ബന്ധപ്പെട്ട് ക്ലാസെടുക്കും.



