മെഡിക്കൽ സ്റ്റോറിൽ നിന്നും മരുന്ന് മാറി നൽകി; കണ്ണൂരിൽ എട്ട് മാസം പ്രായമുള്ള കുഞ്ഞ് ഗുരുതരാവസ്ഥയിൽ

കണ്ണൂരിൽ മെഡിക്കൽ സ്റ്റോറിൽ നിന്നും മരുന്ന് മാറി നൽകിയതിനെ തുടർന്ന് എട്ട് മാസം പ്രായമുള്ള കുഞ്ഞ് ഗുരുതരാവസ്ഥയിൽ. ബന്ധുക്കളുടെ പരാതിയിൽ പഴയങ്ങാടി ഖദീജ മെഡിക്കൽസിനെതിരെ കേസെടുത്തു. സംഭവത്തിൽ ആരോഗ്യ വകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

മരുന്ന് മാറിയതിനെ തുടർന്ന് കരളിൻ്റെ പ്രവർത്തനം തകരാറിലായ പിഞ്ചു കുഞ്ഞ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പനി ബാധിച്ച് പഴയങ്ങാടിയിലെ ക്ലിനിക്കിൽ ചികിത്സ തേടിയ കുഞ്ഞിന് ഡോക്ടർ പാരാസെറ്റാമോൾ സിറപ്പിനുള്ള കുറിപ്പ് നൽകിയിരുന്നു. എന്നാൽ സിറപ്പിന് പകരം മെഡിക്കൽ സ്റ്റോറിൽ നിന്ന് നൽകിയത് പാരാസെറ്റാമോൾ ഡ്രോപ്പ് ആണ്. പാരാസെറ്റാമോൾ ഓവർഡോസായതിനെ തുടർന്നാണ് കുഞ്ഞിൻ്റെ കരളിൻ്റെ പ്രവർത്തനം തകരാറിലായി ഗുരുതരാവസ്ഥയിലായത്.

കുട്ടിയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് നിലയിൽ ചികിത്സിക്കുന്ന ഡോ. എം കെ നന്ദകുമാർ പറഞ്ഞു. കുഞ്ഞുങ്ങൾക്ക് മരുന്ന് നൽകുമ്പോൾ അതീവ ശ്രദ്ധ വേണമെന്നും അദ്ദേഹം പറഞ്ഞു. കുഞ്ഞിൻ്റെ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പഴയങ്ങാടി ഖദീജ മെഡിക്കൽസ് ഉടമയ്ക്ക് എതിരെ പൊലീസ് കേസെടുത്തു. മെഡിക്കൽ സ്റ്റോറിനെതിരെ ഡ്രഗ്സ് കൺട്രോൾ വിഭാഗത്തിനും പരാതി നൽകിയിട്ടുണ്ട്.

