KOYILANDY DIARY.COM

The Perfect News Portal

ബാങ്കുകളുടെ തുടർച്ചയായ അവധി ഇടപാടുകാരെ വലയ്ക്കും

ബാങ്കിൽ നിന്ന് പണമെടുക്കാനുണ്ടോ? എങ്കിൽ ചൊവ്വാഴ്ച കഴിയും വരെ കാത്തിരുന്നേ മതിയാകൂ. രാജ്യത്തെ ബാങ്കുകൾ തുടർച്ചയായി നാല് ദിവസത്തേക്ക് പ്രവർത്തിക്കില്ല. ശനിയും ഞായറും റിപ്പബ്ലിക് ദിന അവധിയും കഴിഞ്ഞ് ചൊവ്വാഴ്ച ജീവനക്കാർ പണിമുടക്കിലാണ്!

ആഴ്ചയിൽ അഞ്ച് പ്രവൃത്തിദിനങ്ങൾ എന്ന വർഷങ്ങളായുള്ള ആവശ്യം കേന്ദ്ര സർക്കാർ അംഗീകരിക്കാത്തതിൽ പ്രതിഷേധിച്ചാണ് ബാങ്ക് യൂണിയനുകളുടെ സംയുക്ത സംഘടനയായ യുഎഫ്ബിയു ജനുവരി 27 ചൊവ്വാഴ്ച രാജ്യവ്യാപക പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ചീഫ് ലേബർ കമ്മിഷണറുമായി നടത്തിയ അവസാനവട്ട ചർച്ചകളും പരാജയപ്പെട്ടതോടെ സമരം ഉറപ്പായി.

തുടർച്ചയായ നാല് ദിവസങ്ങളിൽ ബ്രാഞ്ചുകൾ അടഞ്ഞുകിടക്കുന്നതിനാൽ ചെക്ക് ക്ലിയറൻസ്, വൻതുകയുടെ പണമിടപാടുകൾ എന്നിവ പൂർണ്ണമായും തടസ്സപ്പെടും. എങ്കിലും എച്ച്‌ഡി‌എഫ്‌സി, ഐ‌സി‌ഐ‌സി‌ഐ തുടങ്ങിയ പ്രമുഖ സ്വകാര്യ ബാങ്കുകൾ പണിമുടക്കിൽ പങ്കെടുക്കാത്തത് സാധാരണക്കാർക്ക് ആശ്വാസമാകും. എടിഎമ്മുകളും ഡിജിറ്റൽ പേയ്‌മെന്റുകളും പ്രവർത്തിക്കുമെങ്കിലും ബാങ്കുകൾ തുറക്കുന്ന ബുധനാഴ്ച വരെ തിരക്ക് വർദ്ധിക്കാനാണ് സാധ്യത.

Share news
error: Content is protected !!