KOYILANDY DIARY.COM

The Perfect News Portal

സൈബർ തട്ടിപ്പിൽ കുടുങ്ങി മലയാളികൾ, നഷ്ടമാകുന്നത് ലക്ഷങ്ങൾ

.

കൊച്ചി: ബോധവത്കരണം ശക്തമെങ്കിലും ഇപ്പോഴും സൈബർ തട്ടിപ്പുകാരുടെ വലയിൽ കുടുങ്ങുന്നവർ ഏറെ. മോട്ടോർവാഹന സേവനങ്ങൾക്കായി ഉപയോഗിക്കുന്ന എം പരിവാഹൻ ആപ്ലിക്കേഷന്റെ വ്യാജ ആപ്പിലൂടെ പണം തട്ടുന്നെന്ന പരാതികൾ സമീപദിവസങ്ങളിൽ വ്യാപകമായി ഉയർന്നു. ഇ-ചലാന്റെ പേരിൽ എറണാകുളം തോപ്പുംപടി സ്വദേശിക്ക് തൊണ്ണൂറ്റിനാലായിരം രൂപയോളം നഷ്ടമായി.

 

വ്യാജ ലിങ്ക് അയച്ച് മൊബൈൽ ഫോൺ ഹാക്ക് ചെയ്ത് ആണ് തട്ടിപ്പ് നടന്നത്. കോഴിക്കോട് വടകരയിലും -ചലാന്റെ പേരിൽ തട്ടിപ്പ് നടന്നു. ഡ്രൈവർക്ക് ഒരു ലക്ഷം രൂപയാണ് നഷ്ടമായത്. റൂറൽ സൈബർ പൊലീസ് കേസെടുത്തു. ബാങ്കിലെത്തി അക്കൗണ്ട് മരവിപ്പിച്ചതിനാൽ കൂടുതൽ തുക നഷ്ടമായില്ല. കണ്ണൂർ ന്യൂമാഹിയിൽ ഫോൺ അപ്ഡേറ്റ് പോപ്പ് അപ്പ് തുറന്ന ന്യൂ മാഹി സ്വദേശി ശരേഷിന് 61,000 രൂപ നഷ്ടമായി. ഫേസ്ബുക്കിലെ പരസ്യത്തിൽ ക്ലിക്ക് ചെയ്ത ഉമ്മൻ‌ചിറ സ്വദേശിനി ദർശനയ്ക്ക് കാൽ ലക്ഷത്തിലേറെ രൂപയും നഷ്ടമായി.

 

30 ലക്ഷം ലോൺ വാഗ്ദാനം ചെയ്ത് 26,000 രൂപ തട്ടിയെടുത്തു. തട്ടിപ്പ് ധനി ഫിനാൻസ് എന്ന പേരിൽ ഫേസ്ബുക്കിൽ പരസ്യം നൽകി. കഴിഞ്ഞ ദിവസങ്ങളിലും സംസ്ഥാനത്ത് വ്യപകമായ സൈബർ തട്ടിപ്പ് റിപ്പോർട്ട് ചെയ്തിരുന്നു. കേന്ദ്ര ധനമന്ത്രി നിർമല സീതാരമന്റെ പേര് ദുരുപയോഗം ചെയ്ത് നടന്ന വൻ തട്ടിപ്പിൽ, കോഴിക്കോട് നടുവണ്ണൂർ സ്വദേശിക്ക് ഒന്നര കോടി രൂപയാണ് നഷ്ടമായത്. ഫേസ്ബുക്കിലെ എ ഐ വീഡിയോ വിശ്വസിച്ച് പണം നൽകുകയായിരുന്നു. 30 തവണകളായി 1 കോടി 45 ലക്ഷം രൂപയാണ് നൽകിയത്.

 

കണ്ണൂരിൽ സൈബർ സാമ്പത്തിക തട്ടിപ്പിനിരയായ പട്ടാന്നൂർ സ്വദേശിക്ക് രണ്ട് തവണയായി, 2,79,000 രൂപ നഷ്ടമായി. ഇയാളുടെ ഫോണിൽ എം പരിവാഹനിന്റെ പേരിലുള്ള വ്യാജ ആപ് കണ്ടെത്തി. എറണാകുളത്ത് ഗൂഗിൾ പേ വഴിയുള്ള തട്ടിപ്പിൽ മട്ടാഞ്ചേരി സ്വദേശികൾക്ക് പണം നഷ്ടമായി. അരുൺ ഫെർണാണ്ടസ്, അനൂപ് കൃഷ്ണൻ എന്നിവർക്കാണ് പല തവണകളായി ഒരു ലക്ഷം രൂപ നഷ്ടമായത്. ഗൂഗിൾ പേ ഹാക്ക് ചെയ്തായിരുന്നു തട്ടിപ്പ്.

 

Share news