KOYILANDY DIARY

The Perfect News Portal

ദുർബല വിഭാഗങ്ങൾക്കായി ഒപ്പം പദ്ധതി

കോഴിക്കോട്‌: ദുർബല വിഭാഗങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്നതിനുള്ള കോർപറേഷൻ്റെ ഒപ്പം പദ്ധതിക്ക്‌ തുടക്കമായി. പി. എം. എ. വൈ, ലൈഫ്‌ ഗുണഭോക്തൃ കുടുംബങ്ങൾ, കുടുംബശ്രീ ഓക്‌സിലറി ഗ്രൂപ്പ്‌ അംഗങ്ങൾ, അതിദരിദ്ര കുടുംബാംഗങ്ങൾ, അഗതിരഹിത കേരളം ഗുണഭോക്തൃ കുടുംബാംഗങ്ങൾ, കുടുംബശ്രീ അയൽക്കൂട്ടങ്ങൾ എന്നിവർക്ക്‌ പ്രത്യേക പരിഗണന നൽകി ഉപജീവനത്തിനും സാമൂഹിക സുരക്ഷ‌ക്കും പിന്തുണ നൽകുന്നതാണ്‌ പദ്ധതി.
നഗരസഭാ പരിധിയിലെ അഗതി ആശ്രയ വിഭാഗത്തിലെ 646, അതിദാരിദ്ര്യ വിഭാഗത്തിലെ 814,  പി. എം. എ. വൈ, ലൈഫ് പദ്ധതിയിലെ 4933 ഗുണഭോക്താക്കളെയും കുടുംബശ്രീ ഓക്സിലറി അംഗങ്ങളായ 1706 പേരെയും എൻ്റെ തൊഴിൽ എൻ്റെ അഭിമാനം പോർട്ടലിൽ രജിസ്റ്റർചെയ്ത നാൽപ്പതിനായിരത്തിൽ അധികം വരുന്ന ഗുണഭോക്താക്കളെയും  ഒരു കൂടക്കീഴിൽ കൊണ്ടുവന്ന് ഫലപ്രദമായ ഇടപെടൽ നടത്തുകയാണ്‌ ലക്ഷ്യം.
Advertisements
ടാഗോർ ഹാളിൽ മന്ത്രി അഹമ്മദ്‌ ദേവർകോവിൽ പദ്ധതി ഉദ്‌ഘാടനംചെയ്‌തു. ചടങ്ങിൽ മേയർ ഡോ. ബീന ഫിലിപ്പ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ. യു. ബിനി പദ്ധതി വിശദീകരിച്ചു. കുടുംബശ്രീ സംരംഭകർക്കുള്ള സി. ഇ. എഫ് ലോൺ വിതരണം ഡെപ്യൂട്ടി മേയർ സി. പി. മുസാഫർ അഹമ്മദും പി. എം. എ. വൈ ഗുണഭോക്താക്കൾക്കുള്ള തൊഴിലുറപ്പ് തൊഴിൽ കാർഡ് വിതരണം സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ പി. സി രാജനും നിർവഹിച്ചു.
സ്റ്റാൻഡിങ്ങ് കമ്മിറ്റി അധ്യക്ഷരായ കൃഷ്ണകുമാരി, പി. കെ നാസർ, സി. രേഖ, കൗൺസിലർമാരായ ടി. രനീഷ്, എം. എസ്. തുഷാര, കുടുംബശ്രീ ജില്ലാമിഷൻ കോ ഓർഡിനേറ്റർ പി. എം ഗിരീഷൻ, സി. ഡി. എസ് ചെയർപേഴ്സൺമാരായ എം. അംബിക, ശ്രീജ ഹരീഷ് എന്നിവർ സംസാരിച്ചു. സ്റ്റാൻഡിങ്ങ് കമ്മിറ്റി അധ്യക്ഷൻ പി. ദിവാകരൻ സ്വാഗതവും കുടുംബശ്രീ പ്രോജക്ട് ഓഫീസർ ടി. കെ. പ്രകാശൻ നന്ദിയും പറഞ്ഞു.