KOYILANDY DIARY.COM

The Perfect News Portal

കിണറ്റിൽ വീണ രണ്ടു വയസ്സുകാരനെ രക്ഷിച്ച് എട്ടു വയസ്സുകാരി ചേച്ചി

കിണറ്റിൽ വീണ രണ്ടു വയസ്സുകാരനെ രക്ഷിച്ച് എട്ടു വയസ്സുകാരി ചേച്ചി. ആലപ്പുഴ: മാങ്കാംകുഴി കല്ലിത്തുണ്ടം പറങ്കാംകൂട്ടത്തിൽ വാടകയ്ക്കു താമസിക്കുന്ന കുടുംബത്തിലെ ദിയ ഫാത്തിമയാണ് അനുജൻ ഇവാനെ അതിസാഹസികമായി രക്ഷപ്പെടുത്തിയത്. കുഞ്ഞനുജൻ കിണറ്റിൽ മുങ്ങിത്താഴുന്നത് കണ്ട് കിണറ്റിലേക്കുള്ള പി.വി സി പൈപ്പിലൂടെ ഊർന്നിറങ്ങി പൊക്കിയെടുത്ത് രക്ഷിക്കുകയായിരുന്നു ദിയ എന്ന കൊച്ചു മിടുക്കി.

അമ്മയുടെയും അനുജത്തിയുടെയും കണ്ണുവെട്ടിച്ച് കിണറിനടുത്തെത്തിയ ഇവാൻ കിണറിനടുത്തുള്ള പമ്പിൽ ചവിട്ടി ഇരുമ്പുമറയുള്ള കിണറിനു മുകളിൽ കയറുകയും തുരുമ്പിച്ച ഇരുമ്പുമറയുടെ മധ്യഭാഗം തകർന്ന് കിണറ്റിലേക്ക് വീഴുകയുമായിരുന്നു. കിണറ്റിനടിയിൽ കൈകാലിട്ടടിക്കുന്ന കുഞ്ഞനുജനെ കണ്ട ദിയ അനുജൻ്റെ ജീവൻ രക്ഷിക്കാൻ മറ്റൊന്നും ഓർക്കാതെ കിണറ്റിലേക്കിറങ്ങി. ഇവാനെ പിടിച്ചുയർത്തി മാറോടു ചേർത്തു മറ്റേ കൈകൊണ്ടു പൈപ്പിൽ പിടിച്ചു കിടന്നു.

കുട്ടികളുടെ അമ്മയുടെ നിലവിളി കേട്ട് ഓടിയെത്തിയ അയൽവാസികൾ കുട്ടികളെ കിണറ്റിൽ നിന്നും രക്ഷിച്ചു. വെട്ടിയാർ ഇരട്ടപ്പള്ളിക്കൂടം ഗവ. സ്കൂളിൽ മൂന്നാം ക്ലാസ് വിദ്യാർത്ഥിയാണ് ദിയ. തലയിൽ ചെറിയ മുറിവേറ്റ ഇവാൻ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി ശിശു തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിലാണ്.

Share news
error: Content is protected !!