KOYILANDY DIARY.COM

The Perfect News Portal

ഒ പി ടിക്കറ്റ് നിരക്ക് വർധന ചോദ്യം ചെയ്ത ഹൃദ്‌രോഗിയെ പൊലീസ് ബലം പ്രയോഗിച്ച് ജീപ്പിൽ കയറ്റി

.

കോഴിക്കോട്: പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ ഒ പി ടിക്കറ്റ് നിരക്ക് വർധന ചോദ്യം ചെയ്ത ഹൃദ്‌രോഗിയെ പൊലീസ് ബലം പ്രയോഗിച്ച് ജീപ്പിൽ കയറ്റി സ്റ്റേഷനിൽ കൊണ്ടുപോയി. മൂന്നുവർഷം മുമ്പ് ബൈപാസ് ശസ്‌ത്രക്രിയ കഴിഞ്ഞ നൊച്ചാട് മലയിൽ ശ്രീധരൻ (64) നെയാണ് പേരാമ്പ്ര ഇൻസ്‌പെക്ടർ എം അനിൽ കുമാറിന്റെ നേതൃത്വത്തിൽ കസ്റ്റഡിയിലെടുത്തത്.

 

തിങ്കളാഴ്ച രാവിലെ നെഞ്ചുവേദന അനുഭവപ്പെട്ട ശ്രീധരൻ ഡോക്ടറെ കാണാൻ ആശുപത്രിയിലെത്തിയപ്പോൾ ഒ പി ടിക്കറ്റ് നിരക്ക് കുത്തനെ വർധിപ്പിച്ചതിനെതിരെ ഡിവൈഎഫ്ഐ പ്രതിഷേധിക്കുകയായിരുന്നു. ഒ പി ടിക്കറ്റിന് അഞ്ച്‌ രൂപയായിരുന്നത്‌ 10 ആക്കിയത് എന്തിനാണെന്ന് ശ്രീധരൻ ചോദിക്കുന്നത് കേട്ടെത്തിയ ഇൻസ്‌പെക്ടർ ഇയാളെയും പ്രതിഷേധ ക്കാർക്കൊപ്പം ബലംപ്രയോഗിച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

താൻ ശസ്ത്രക്രിയ കഴിഞ്ഞ ഹൃദ്‌രോഗിയാണെന്നും ഡോക്ടറെ കണ്ട് ഇസിജി എടുക്കാൻ വന്നതാണെന്നും പറഞ്ഞിട്ടും പൊലീസ് ജീപ്പിൽനിന്ന് ഇറക്കിവിട്ടില്ല. ഡിവൈഎഫ്ഐ പ്രവർത്തകർക്കൊപ്പം സ്റ്റേഷനിലെത്തിച്ചപ്പോൾ ബന്ധുകൂടിയായ മലയിൽ രമേശൻ ഇയാളുടെ ഷർട്ട് ഊരി ശസ്ത്രക്രിയയുടെ പാടുകളും കൈയിലുള്ള മെഡിക്കൽ രേഖകളും കാണിച്ച ശേഷമാണ് മോചിപ്പിക്കാൻ ഇൻസ്‌പെക്‌ടർ തയ്യാറായത്.

 

കർഷക തൊഴിലാളിയാണ് ശ്രീധരൻ. ഇടയ്ക്ക് നെഞ്ചുവേദന വരുന്നതിനാൽ ആഴ്ചയിൽ ഒന്നും രണ്ടും തവണ പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ പരിശോധനയ്‌ക്കും മരുന്നിനുമെത്തും. ടിക്കറ്റ്‌ നിരക്ക്‌ വർധനയ്‌ക്കെതിരെ രോഗികൾക്ക്‌ പ്രതികരിക്കാൻ പാടില്ലേ എന്നാണ് ശ്രീധരന്റെ ചോദ്യം.

 

Share news